
ന്യൂഡൽഹി: പ്രതിഷേധത്തിനിടെ വനിതാ പൊലീസ് കോൺസ്റ്റബിൾ മർദ്ദിച്ചുവെന്ന് ആരോപിച്ച എൻഎസ്യുഐ വനിതാ പ്രവർത്തകയെ ‘ഞങ്ങളുടെ സിംഹക്കുട്ടി’ എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി പ്രതിഷേധക്കാരിയെ മാധ്യമങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തിയത്. ക്രൂരമായ മർദ്ദനത്തിന് ഇരയായിട്ടും അവൾ ഭയപ്പെട്ടില്ലെന്നും, അവളുടെ ഹൃദയത്തിൽ ആരോടും വിദ്വേഷമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം, കസ്റ്റഡിയിലെടുത്ത ബസിനുള്ളിൽ വെച്ച് വനിതാ കോൺസ്റ്റബിൾ ചഞ്ചൽ യാദവ് തന്നെ ശാരീരികമായി ഉപദ്രവിച്ചതായി പ്രതിഷേധക്കാരി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. സമാധാനപരമായ പ്രതിഷേധത്തിനിടെ മൂന്ന് ബസുകളിലായാണ് തങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് അവർ പറഞ്ഞു.
“ബസിൽ കയറ്റിയ ശേഷവും പുറത്തിറങ്ങി പ്രതിഷേധം തുടരാൻ ഞങ്ങൾ ശ്രമിച്ചു. ബസ് തടയാനായി അതിന്റെ അടിയിൽ ഇരിക്കാനും നോക്കി. എന്നാൽ ഈ സമയം ബസിലുണ്ടായിരുന്ന വനിതാ കോൺസ്റ്റബിൾ ചഞ്ചൽ യാദവ് എന്റെ കഴുത്തിൽ മുറുകെ പിടിച്ച് പിന്നിലെ സീറ്റിലേക്ക് തള്ളിയിട്ടു. തുടർന്ന് മുഖത്തും ചെവിയുടെ ഭാഗത്തും നഖം കൊണ്ട് പോറി. ഞാൻ ഇതിനെ എതിർത്തപ്പോൾ അവർ എന്നെ ശക്തമായി മുഖത്തടിക്കുകയും, ‘ദാ, അടുത്ത അടി കൂടി വാങ്ങിക്കോ’ എന്ന് അധിക്ഷേപിക്കുകയും ചെയ്തു,” പ്രതിഷേധക്കാരി ആരോപിച്ചു.
Rahul Gandhi embraces the female activist who was beaten by the police












