
ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലിൽ ഡിഎംകെയ്ക്കും എൻസിപി ശരദ് പവാർ വിഭാഗത്തിനും പിന്നാലെ ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) ഇന്ത്യാ സഖ്യം വിട്ട് സർക്കാരിനെ പിന്തുണച്ചേക്കുമെന്ന് സൂചന. ബില്ലിനെ എതിർക്കണോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും, ബിൽ സഭയിൽ വന്ന ശേഷം മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിർദ്ദേശപ്രകാരം തീരുമാനമെടുക്കുമെന്നും പാർട്ടി എംപി നളിൻ സോറൻ വ്യക്തമാക്കി. രാജ്യസഭയിലും ലോക്സഭയിലുമായി മൂന്ന് എംപിമാർ വീതമുള്ള ജെഎംഎമ്മിന്റെ നീക്കം പ്രതിപക്ഷ നിരയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം, ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് എം.കെ. സ്റ്റാലിനെ അനുനയിപ്പിക്കാൻ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, മമത ബാനർജി, എം.എ. ബേബി തുടങ്ങിയ പ്രമുഖ നേതാക്കൾ ചെന്നൈയിലെത്തി.
വൈകുന്നേരം നാല് മണിക്ക് ചെന്നൈയിൽ വെച്ച് നേതാക്കൾ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തും. നേരത്തെ അഖിലേഷ് യാദവ് സ്റ്റാലിനുമായി സംസാരിച്ചിരുന്നെങ്കിലും, തമിഴ്നാടിന്റെ താൽപ്പര്യം ഉയർത്തിപ്പിടിച്ചാണ് തീരുമാനമെടുത്തതെന്നും തങ്ങൾ വഞ്ചകരല്ലെന്ന് തിരിച്ചറിയുമെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം. സ്റ്റാലിനുമായുള്ള ചർച്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാക്കൾ മുംബൈയിലെത്തി ശരദ് പവാറിനെയും കണ്ട് ബില്ലിനെ എതിർക്കാൻ ആവശ്യപ്പെടും.
വോട്ടെടുപ്പിൽ എംപിമാർ മറുകണ്ടം ചാടാതിരിക്കാൻ കോൺഗ്രസ്, സമാജ്വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ കക്ഷികൾ വിപ്പ് നൽകിത്തുടങ്ങി. നവംബർ 30 മുതൽ ഡിസംബർ 3 വരെ സഭയിൽ നിർബന്ധമായും ഹാജരാകണമെന്നും വിദേശത്തുള്ളവർ ഉടൻ മടങ്ങിയെത്തണമെന്നുമാണ് കോൺഗ്രസിന്റെ നിർദ്ദേശം. ഇതിനിടെ, പാർട്ടി വിട്ട 20 എംപിമാരുടെ അയോഗ്യതാ പരാതിയിൽ തീർപ്പാകുന്നത് വരെ അവർക്ക് വോട്ടവകാശം നൽകരുതെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്.
Another Blow to INDIA Bloc? JMM Keeps Options Open on Delimitation Bill as Top Opposition Leaders Rush to Chennai to Persuade Stalin














