‘ചോര’ കിട്ടാനില്ലാതെ അമേരിക്ക; 150 വർഷത്തിനിടെ രണ്ടാം തവണ; അമേരിക്കയിൽ ‘ബ്ലഡ് ക്രൈസിസ്’ പ്രഖ്യാപിച്ച് റെഡ് ക്രോസ്, ശസ്ത്രക്രിയകൾ പ്രതിസന്ധിയിൽ

വാഷിംഗ്ടൺ: അമേരിക്കയിൽ രക്തശേഖരം ഭീതിജനകമാംവിധം കുറഞ്ഞതിനെത്തുടർന്ന് രാജ്യം കടുത്ത രക്തക്ഷാമത്തിലേക്ക് നീങ്ങുന്നതായി അമേരിക്കൻ റെഡ് ക്രോസിൻ്റെ മുന്നറിയിപ്പ്. സംഘടനയുടെ 150 വർഷത്തെ ചരിത്രത്തിൽ ഇത് രണ്ടാം തവണ മാത്രമാണ് ഇത്തരമൊരു കടുത്ത പ്രതിസന്ധി ഘട്ടം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം രാജ്യത്തെ രക്തശേഖരത്തിൽ 25 ശതമാനത്തിൻ്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

അമേരിക്കയിൽ തുടരുന്ന കടുത്ത വേനൽച്ചൂടും പലയിടങ്ങളിലായുണ്ടായ കാട്ടുതീയുമാണ് നിലവിലെ സാഹചര്യത്തിന് പ്രധാന കാരണം. അസഹനീയമായ ചൂട് കാരണം ആളുകൾ പുറത്തിറങ്ങാൻ മടിക്കുന്നതും രക്തദാന ക്യാമ്പുകൾ സുരക്ഷിതമായി നടത്താൻ കഴിയാത്തതും തിരിച്ചടിയായി. ഇതോടൊപ്പം രാജ്യത്ത് പടർന്നുപിടിച്ച ‘സൈക്ലോസ്പോറിയാസിസ്’ എന്ന കടുത്ത വയറിളക്ക രോഗവും രക്തദാതാക്കളുടെ എണ്ണം കുറച്ചു.

വേനൽക്കാലത്ത് ആളുകൾ പുറത്തുപോകുന്നതും വാഹനാപകടങ്ങൾ കൂടുന്നതും കാരണം ആശുപത്രികളിൽ രക്തത്തിൻ്റെ ആവശ്യം സാധാരണയേക്കാൾ കൂടുതലാണ്. നിലവിൽ ആവശ്യത്തേക്കാൾ 3,500 യൂണിറ്റിലധികം രക്തം പ്രതിദിനം റെഡ് ക്രോസിന് വിതരണം ചെയ്യേണ്ടി വരുന്നുണ്ട്.

രക്തത്തിന് പരമാവധി 42 ദിവസത്തെ ആയുസ്സ് മാത്രമേ ഉള്ളൂ എന്നതിനാൽ ഇത് മുൻകൂട്ടി സംഭരിച്ചു വെക്കുക സാധ്യമല്ല. ക്ഷാമം തുടർന്നാൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ മാറ്റിവെക്കേണ്ടി വരുമെന്നും രോഗികളെ മറ്റ് ട്രോമാ കെയർ സെൻ്ററുകളിലേക്ക് മാറ്റേണ്ടി വരുമെന്നും ആശുപത്രി അധികൃതർ ആശങ്കപ്പെടുന്നു. നിലവിൽ എല്ലാ ഗ്രൂപ്പിലുംപെട്ട രക്തം ആവശ്യമുണ്ടെങ്കിലും, അടിയന്തര ഘട്ടങ്ങളിൽ ആർക്കും നൽകാൻ സാധിക്കുന്ന ‘ഒ’ പോസിറ്റീവ് രക്തത്തിനാണ് ഏറ്റവും കൂടുതൽ ക്ഷാമം നേരിടുന്നത്.

അമേരിക്കയ്ക്ക് പുറമെ അയൽരാജ്യമായ കാനഡയിലും ജൂൺ മാസം മുതൽ രക്തശേഖരത്തിൽ 20 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. എന്നാൽ കാനഡയിൽ രക്തദാനം കുറയാനുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനുമുമ്പ് കോവിഡ് മഹാമാരിയും കടുത്ത ശീതകാലവുമുള്ളപ്പോഴാണ് (2022 ജനുവരിയിൽ) അമേരിക്കൻ റെഡ് ക്രോസ് ആദ്യമായി രാജ്യത്ത് രക്തക്ഷാമ പ്രതിസന്ധി പ്രഖ്യാപിച്ചത്.

America without ‘blood’; For the second time in 150 years; Red Cross declares ‘blood crisis’ in America, surgeries in crisis

More Stories from this section

family-dental
witywide