ഇറ്റലിയെ നടുക്കി ചരിത്രത്തിലെ ഏറ്റവും വലിയ കവർച്ച; സിസിടിവിയും അലാറവും ഓഫാക്കി, ട്രക്കുകളിൽ കടത്തിയത് 48 കോടിയുടെ വിഖ്യാത വൈനുകൾ!

റോം: ഇറ്റാലിയൻ വൈൻ വ്യവസായത്തെ നടുക്കി രാജ്യത്തെ ഏറ്റവും വലിയ വൈൻ മോഷണം. ടസ്കാനിയിലെ പ്രശസ്തമായ ‘മാർക്കേസി ആന്റിനോരി’ വൈനറിയിൽ നിന്ന് 5.8 ദശലക്ഷം ഡോളർ (ഏകദേശം 48 കോടിയിലധികം രൂപ) വിലമതിക്കുന്ന മുപ്പതിനായിരത്തോളം കുപ്പി ആഡംബര വൈനുകളാണ് മോഷ്ടാക്കൾ കവർന്നത്. ഇറ്റലിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വൈൻ കവർച്ചയാണിതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

അരെസ്സോ പ്രവിശ്യയിലെ കോർട്ടോണയ്ക്ക് സമീപമുള്ള വൈൻ സംഭരണശാലയിലാണ് കൃത്യമായ ആസൂത്രണത്തോടെ മോഷണം നടന്നത്. ശനിയാഴ്ച രാത്രി വൈനറിയിൽ അതിക്രമിച്ചു കയറിയ ഏഴംഗ സംഘമാണ് കൊള്ളയ്ക്ക് പിന്നിൽ. അതിനൂതനമായ അലാറം സംവിധാനങ്ങളും നിരീക്ഷണ ക്യാമറകളും പ്രവർത്തനരഹിതമാക്കിയ ശേഷമാണ് സംഘം ഉള്ളിൽ കടന്നത്. തുടർന്ന് രണ്ട് വലിയ ട്രക്കുകളിലായി കമ്പനിയുടെ തന്നെ ഫോർക്ക്ലിഫ്റ്റുകൾ ഉപയോഗിച്ച് വൈൻ പെട്ടികൾ കയറ്റി ഇവർ രാത്രിയോടെ രക്ഷപ്പെടുകയായിരുന്നു.

ലോകമെമ്പാടും വൻ ആവശ്യക്കാരുള്ള സൊലയ്യ, ടിന്യാനെല്ലോ, ഗ്വാഡോ അൽ ടാസ്സോ തുടങ്ങിയ വിഖ്യാത ബ്രാൻഡുകളുടെ വൈൻ കുപ്പികളാണ് മോഷണം പോയത്. തിങ്കളാഴ്ചയാണ് സംഭവം പുറത്തറിഞ്ഞതെങ്കിലും, പൊലീസ് അന്വേഷണത്തെ ബാധിക്കാതിരിക്കാൻ വെള്ളിയാഴ്ചയാണ് കമ്പനി വിവരം പരസ്യമാക്കിയത്.

1385-ൽ സ്ഥാപിതമായ ഈ കമ്പനി 26 തലമുറകളായി ആന്റിനോരി കുടുംബമാണ് നടത്തിവരുന്നത്. ഔദ്യോഗിക വിപണന കേന്ദ്രങ്ങൾ അല്ലാതെയുള്ള വഴിവിട്ട ഓഫറുകളെക്കുറിച്ച് ജാഗ്രത പാലിക്കാൻ ലോകമെമ്പാടുമുള്ള തങ്ങളുടെ ഉപഭോക്താക്കൾക്ക് കമ്പനി ചീഫ് എക്സിക്യൂട്ടീവ് റെൻസോ കോട്ടറെല്ല മുന്നറിയിപ്പ് നൽകി.

സംഭവത്തിൽ പൊലീസും ഇറ്റാലിയൻ മിലിട്ടറി പൊലീസും (കാരബിനിയേരി) സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപപ്രദേശങ്ങളിലെ വൈനറികളിലും സമാനമായ മോഷണങ്ങൾ നടന്നിട്ടുള്ളതിനാൽ ഇതിന് പിന്നിൽ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘമാണോ എന്നും സംശയിക്കുന്നുണ്ട്. രണ്ട് ട്രക്ക് ലോഡ് വൈൻ ആരുടെയും ശ്രദ്ധയിൽപ്പെടാതെ വിപണിയിൽ എത്തിക്കാൻ കഴിയില്ലെന്നതിനാൽ മോഷ്ടാക്കളെ ഉടൻ വലയിലാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അന്വേഷണസംഘം.

Renowned wines worth ₹48 crore smuggled in trucks in Italy!

More Stories from this section

family-dental
witywide