
വാഷിംഗ്ടൺ: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായി നിലനിൽക്കുന്ന കടുത്ത അസ്വാരസ്യങ്ങൾക്കിടയിലും അവരെ പ്രശംസിച്ചും അതേസമയം തന്നെ വിമർശിച്ചും അമേരിക്കൻ പ്രഡിഡന്‍റ് ഡോണൾഡ് ട്രംപ്. മെലോനിക്കെതിരെ തനിക്ക് കോടതിയുടെ ‘വിലക്ക് ഉത്തരവ്’ (റെസ്‌ട്രെയിനിംഗ് ഓർഡർ) ആവശ്യമുണ്ടെന്ന് കഴിഞ്ഞ ദിവസം സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്‍റെ പുതിയ പ്രതികരണം വന്നിരിക്കുന്നത്.
തുർക്കി തലസ്ഥാനമായ അങ്കാറയിൽ വെച്ച് തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദോഗനുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കിടയിലാണ് ട്രംപ് ഈ നയതന്ത്ര വിഷയം സംസാരിച്ചത്. ജോർജിയ മെലോനി യഥാർത്ഥത്തിൽ ഒരു നല്ല വ്യക്തിയാണെന്നും തങ്ങൾ നല്ലൊരു ആഴ്ചയാണ് ഒരുമിച്ച് ചെലവഴിച്ചതെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ, ഇറാനെതിരെയുള്ള യുദ്ധത്തിൽ അമേരിക്കയെ സഹായിക്കാൻ ഇറ്റലി വിസമ്മതിച്ചതാണ് തങ്ങൾക്കിടയിലെ ബന്ധം മോശമാകാൻ കാരണമായതെന്ന് ട്രംപ് തുറന്നടിച്ചു.
ഇറാന്‍റെ വിഷയത്തിൽ ഇറ്റാലിയൻ പ്രധാനമന്ത്രിക്ക് വലിയൊരു തെറ്റ് പറ്റിയതായാണ് താൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധത്തിൽ പങ്കാളികളാകാൻ താൻ മെലോനിക്ക് മേൽ വലിയ രീതിയിലുള്ള സമ്മർദ്ദം ചെലുത്തിയിരുന്നില്ലെന്നും, എന്നാൽ അവരുടെ പെട്ടെന്നുള്ള പിന്മാറ്റം തങ്ങൾക്കിടയിലുള്ള സൗഹൃദത്തിൽ അല്പം കയ്പ് നിറച്ചുവെന്നും ട്രംപ് വെളിപ്പെടുത്തി. ജി7 ഉച്ചകോടിയിലെ ഫോട്ടോ വിവാദത്തിന് പിന്നാലെ ഇറാൻ യുദ്ധത്തിന്‍റെ പേരിൽ ഇരു നേതാക്കളും തമ്മിലുള്ള പോര് ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.















