
തിരുവനന്തപുരം: കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) വഴി നടത്തിയ മസാല ബോണ്ട് ഇടപാടിൽ സംസ്ഥാനത്തിന് 181 കോടി രൂപയുടെ വൻ സാമ്പത്തിക നഷ്ടം ഉണ്ടായതായി വിദഗ്ധസമിതി കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ക്രമക്കേടുകളെക്കുറിച്ച് ആദ്യഘട്ടത്തിൽ ഒരു വകുപ്പുതല അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടു. മുൻ പ്ലാനിങ് കമ്മീഷൻ അംഗം സുധ പിള്ള തലവനായ സമിതി നിയമസഭയിൽ സമർപ്പിച്ച 96 പേജുള്ള വിശദമായ റിപ്പോർട്ടിലാണ് കിഫ്ബിയുടെ ധനസമാഹരണത്തിലെ വൻ വീഴ്ചകൾ പുറത്തുകൊണ്ടുവന്നത്.
2018-19 കാലഘട്ടത്തിൽ ആഭ്യന്തര വിപണിയിൽ കുറഞ്ഞ പലിശനിരക്കിൽ ഫണ്ട് ലഭ്യമായിരുന്നിട്ടും, അത് അവഗണിച്ച് 9.72 ശതമാനം ഉയർന്ന പലിശയ്ക്കാണ് വിദേശത്തുനിന്ന് മസാല ബോണ്ട് വഴി 2,150 കോടി രൂപ സമാഹരിച്ചത്. കിഫ്ബി നടത്തിയ ഏറ്റവും ചെലവേറിയ കടമെടുക്കലായിരുന്നു ഇത്. ഈ ഇടപാട് സംസ്ഥാനത്തിന്റെ കടമെടുപ്പ് ശേഷിയെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി മനോജ് ജോഷിയും ചീഫ് സെക്രട്ടറി ടോം ജോസും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇവരുടെ ആധികാരികമായ നിർദ്ദേശങ്ങളും വിയോജിപ്പുകളും മറികടന്ന്, റൂൾസ് ഓഫ് ബിസിനസ്സ് പൂർണ്ണമായും ലംഘിച്ചാണ് മസാല ബോണ്ടുമായി മുന്നോട്ട് പോയതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഉയർന്ന പലിശനിരക്ക് കാരണം അഞ്ച് വർഷം കൊണ്ട് മാത്രം 152 കോടി രൂപയുടെ അധിക പലിശ ബാധ്യതയാണ് സംസ്ഥാനത്തിനുണ്ടായത്. മസാല ബോണ്ട് വഴിയുള്ള നേരിട്ടുള്ള നഷ്ടം 181 കോടിയാണെങ്കിൽ, കിഫ്ബി വഴിയുള്ള വിവിധ പദ്ധതി നിർവഹണങ്ങളിലൂടെ ആകെ 13,103 കോടി രൂപയുടെ അധികച്ചെലവ് സംസ്ഥാനത്തിനുണ്ടായതായും സമിതി ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ, കിഫ്ബിയുടെ പരസ്യങ്ങൾക്കായി രേഖകളിൽ 21.16 കോടി രൂപയാണ് കാണിച്ചിരിക്കുന്നതെങ്കിലും യഥാർത്ഥത്തിൽ 203 കോടിയിലധികം രൂപ ഉയർന്ന പലിശയ്ക്ക് എടുത്ത കടത്തിൽ നിന്നും ധൂർത്തടിച്ചതായും സമിതി കണ്ടെത്തിയിട്ടുണ്ട്. കണ്ണൂർ ഉൾപ്പെടെയുള്ള ചില പ്രത്യേക പ്രദേശങ്ങളിലെ ഭൂമി ഏറ്റെടുക്കലിൽ വലിയ തോതിലുള്ള വിവേചനവും അഞ്ചിരട്ടി വരെ തുക നൽകിയതിലുള്ള ദുരൂഹതയും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
റിപ്പോർട്ടിലെ അതീവ ഗുരുതരമായ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് ചട്ടലംഘനങ്ങളെയും സാമ്പത്തിക ക്രമക്കേടുകളെയും കുറിച്ച് സമഗ്രമായ ഔദ്യോഗിക അന്വേഷണം നടത്താൻ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്
Rs 181 crore loss in KIIFB Masala Bond transaction; government orders departmental inquiry















