
വാഷിംഗ്ടൺ: യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളുടെ ഭാഗമായി, റഷ്യയുടെ കോടികൾ വിലമതിക്കുന്ന സോവറിൻ വെൽത്ത് ഫണ്ടിന് മേലുള്ള അമേരിക്കൻ ഉപരോധം പിൻവലിക്കുന്നത് സംബന്ധിച്ച് ട്രംപ് ഭരണകൂടവും ക്രെംലിനും തമ്മിൽ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. റഷ്യൻ സ്റ്റേറ്റ് മീഡിയയാണ് ക്രെയ്ലിൻ സഹായിയെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് മേലുള്ള ഉപരോധം നീക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ചർച്ചകൾ നടന്നു വരികയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷാകോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഫണ്ടിന്റെ സി.ഇ.ഒ കിറിൽ ദിമിത്രേവ് അമേരിക്കൻ ഉദ്യോഗസ്ഥരുമായി സജീവമായി ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2022 ഫെബ്രുവരിയിൽ യുക്രൈൻ അധിനിവേശത്തെത്തുടർന്നാണ് ബൈഡൻ ഭരണകൂടം ഈ ഫണ്ടിന് മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നത്.
റഷ്യയുമായുള്ള ചർച്ചകളിൽ ഉപരോധ ഇളവുകൾ നൽകിയ ട്രംപിന്റെ നടപടി വാഷിംഗ്ടണിൽ ഇരുവിഭാഗങ്ങളിൽ നിന്നും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. ഈ മാസം ആദ്യം, റഷ്യൻ ഡീസൽ കയറ്റുമതി ആഗോള വിപണിയിലേക്ക് അനുവദിക്കുന്നതിനുള്ള കരാർ ട്രംപ് പ്രഖ്യാപിക്കുകയും, റഷ്യൻ ഫോസിൽ ഫ്യൂവൽ വിൽപ്പനയുമായി ബന്ധപ്പെട്ട മറ്റ് ഉപരോധങ്ങൾ തടയുകയും ചെയ്തിരുന്നു. യുക്രൈൻ യുദ്ധത്തിനുള്ള ഫണ്ട് കണ്ടെത്താൻ സഹായിക്കുന്ന റഷ്യൻ ക്രൂഡ് ഓയിൽ അല്ലെങ്കിൽ ഗ്യാസ് കയറ്റുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഉയർന്ന തീരുവ ചുമത്താനിരുന്ന നിയമമാണ് ഇതിലൂടെ മാറ്റിവെച്ചത്.














