
യുണൈറ്റഡ് സ്റ്റേറ്റ്സിൽ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആർ.എസ്.എസ് പുതിയ സംഘടന റജിസ്റ്റർ ചെയ്തു. ‘ആർ.എസ്.എസ് ഫ്രണ്ട്സ്’ എന്ന പേരിൽ ആർ.എസ്.എസ് അഭ്യുദയകാംക്ഷികളുടെ കൂട്ടായ്മയാണ് യു.എസ് നീതിന്യായ വകുപ്പിൽ വിദേശ ഏജന്റായി പ്രവർത്തിക്കുന്നതിനായി റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. യു.എസ് ഫോറിൻ ഏജന്റ് റജിസ്ട്രേഷൻ ആക്ട് (FARA) പ്രകാരമാണ് ഓഗസ്റ്റ് 27-ന് പുതിയ സംഘടനയുടെ റജിസ്ട്രേഷൻ നടന്നത്. ജോർജിയയിലെ വിലാസത്തിലാണ് സംഘടന റജിസ്റ്റർ ചെയ്തിട്ടുള്ളതെങ്കിലും ഡൽഹി കേശവ്കുഞ്ചിലുള്ള ആർ.എസ്.എസ് ആസ്ഥാനത്തിന്റെ വിലാസവും രേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിവരകൈമാറ്റം, വിദ്യാഭ്യാസം, പൊതുജനസമ്പർക്കം, സാമൂഹിക ഇടപെടൽ എന്നിവയിൽ കേന്ദ്രീകരിച്ചായിരിക്കും സംഘടന യു.എസിൽ പ്രവർത്തിക്കുകയെന്ന് നീതിന്യായ വകുപ്പിന് നൽകിയ രേഖകളിൽ വ്യക്തമാക്കുന്നു. മാധ്യമപ്രവർത്തകർ, മാധ്യമ സ്ഥാപനങ്ങൾ, ഗവേഷകർ, അക്കാദമിക് വിദഗ്ദ്ധർ, നയരൂപീകരണ വിദഗ്ദ്ധർ, സാമൂഹിക നേതാക്കൾ എന്നിവരുമായി നിരന്തരം ആശയവിനിമയം നടത്തും. ആർ.എസ്.എസിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ തിരുത്തുക എന്നതും സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. പ്രത്യേക ലക്ഷ്യങ്ങളോ പ്രതിഫലമോ ഉൾപ്പെടുന്ന ലിഖിത കരാറുകളൊന്നും ആർ.എസ്.എസുമായി നിലവിലില്ലെന്നും സംഘടന രേഖകളിൽ സൂചിപ്പിക്കുന്നു.
ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ന്യൂയോർക്കിലെ മാഡിസൻ സ്ക്വയർ ഗാർഡനിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നതിന് രണ്ടു ദിവസം മുൻപാണ് ‘ആർ.എസ്.എസ് ഫ്രണ്ട്സ്’ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. ഓഗസ്റ്റ് 29-നായിരുന്നു മോഹൻ ഭാഗവത് പങ്കെടുത്ത പരിപാടി നടന്നത്. യു.എസിലെ ഇന്ത്യൻ വംശജർക്കിടയിൽ സംഘടനയുടെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കുകയും ആഗോളതലത്തിൽ സംഘടനയെ ശക്തിപ്പെടുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
RSS Expands Footprint in US: Registers ‘RSS Friends’ as Foreign Agent with US Department of Justice














