
റിയാദ്: യെമനിലെ ഹൂതി വിമതർക്കെതിരെ പോരാടുന്ന സൗദി നേതൃത്വത്തിലുള്ള സഖ്യസേന, പ്രധാന തുറമുഖമായ ഹൊദൈദയിൽ നിന്ന് സാധാരണക്കാരോട് ഉടൻ ഒഴിഞ്ഞുപോകാൻ വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകി. ഇരുപക്ഷവും തമ്മിൽ ആഴ്ചകളായി തുടരുന്ന ശക്തമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സഖ്യസേനയുടെ ഈ നിർണ്ണായക നീക്കം. “സാധാരണക്കാരുടെ സുരക്ഷയെ മുൻനിർത്തി ഹൊദൈദ തുറമുഖത്തുനിന്ന് ഒഴിഞ്ഞുപോകാൻ സംയുക്ത സൈനിക കമാൻഡ് ആവശ്യപ്പെടുന്നു,” സഖ്യസേനാ വക്താവ് തുർക്കി അൽ-മാലികി എക്സിലൂടെ അറിയിച്ചു. മേഖലയിൽ സൈനിക നടപടികൾ ശക്തമാകുന്നതിന്‍റെ സൂചനയായാണ് ഈ മുന്നറിയിപ്പ് വിലയിരുത്തപ്പെടുന്നത്.
പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുകയാണ്. ഇറാൻ-അമേരിക്ക പോരാട്ടത്തിനിടെ യെമനിലും ഹൂത്തികളും സൗദി സഖ്യസേനയും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമായി. സൗദി തലസ്ഥാനമായ റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ട് ടവറിന് നേരെയുണ്ടായ ഹൂതി ആക്രമണത്തെ വിവിധ രാജ്യങ്ങൾ അപലപിച്ചു. അതേസമയം, അമേരിക്കയ്ക്ക് വീണ്ടും കടുത്ത മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ഹോർമൂസ് കടലിടുക്കിൽ രണ്ട് മണിക്കൂറിനിടെ രണ്ട് എണ്ണ ടാങ്കറുകൾ കൂടി സ്ഫോടനത്തിനിരയായതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് (ഐആർജിസി) അറിയിച്ചു.
ഇറാൻ-അമേരിക്ക സംഘർഷത്തിനൊപ്പം യമനിലും യുദ്ധസാഹചര്യം കൂടുതൽ സങ്കീർണമാവുകയാണ്. സൗദിയെ ലക്ഷ്യമിട്ട് ഹൂത്തികൾ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ റിയാദിലെ പ്രധാന സാമ്പത്തിക-വാണിജ്യ കേന്ദ്രമായ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ട് വരെ എത്തിയതോടെ സൗദി സഖ്യസേന തിരിച്ചടി ശക്തമാക്കി. ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈൽ സംഭരണശാലകൾ, ഡ്രോൺ നിർമാണ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ 60 സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി സഖ്യസേന അറിയിച്ചു.
ഹൂതി ആക്രമണത്തെ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ അപലപിക്കുകയും സൗദിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടെ, ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ബാബ് അൽ മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം ഹൂത്തികൾ തിരിച്ചുപിടിച്ചതായും റിപ്പോർട്ടുകളുണ്ട്. ആഗോള ചരക്കുനീക്കത്തിൽ നിർണായക പ്രാധാന്യമുള്ള ഈ കടൽപാതയിലെ നിയന്ത്രണ മാറ്റം അന്താരാഷ്ട്ര വ്യാപാരത്തെയും ബാധിച്ചേക്കും.
അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ
യുദ്ധം അനിശ്ചിതമായി നീണ്ടുപോകുന്നത് അംഗീകരിക്കില്ലെന്ന് ഐആർജിസി വക്താവ് ഹൊസൈൻ മൊഹെബ്ബി വ്യക്തമാക്കി. ഒന്നുകിൽ യുദ്ധഭൂമിയിൽ തന്നെ കാര്യങ്ങൾക്ക് തീരുമാനമുണ്ടാകണം, അല്ലെങ്കിൽ അമേരിക്ക ഇറാൻ മുന്നോട്ടുവെച്ച നിബന്ധനകൾ അംഗീകരിക്കണമെന്നാണ് ഇറാന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഇറാനെതിരെ കൂടുതൽ ശക്തമായ സൈനിക നീക്കത്തിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി ഇസ്രയേലി മാധ്യമം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടെയാണ് ഹോർമൂസ് കടലിടുക്കിൽ രണ്ട് കപ്പലുകൾ കൂടി മൈനുകളിൽ തട്ടി സ്ഫോടനത്തിനിരയായതായി ഐആർജിസി അറിയിച്ചത്. 24 മണിക്കൂറിനിടെ രണ്ട് കപ്പലുകൾക്കാണ് ഇത്തരത്തിൽ കേടുപാടുകൾ സംഭവിച്ചതെന്നാണ് ഇറാന്റെ അവകാശവാദം. എന്നാൽ കപ്പലുകളുടെ പേരോ മറ്റ് വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല.















