നടൻ ടൈഗർ ഷ്രോഫിൻ്റെ കാറിന് നേരെ വെടിവെപ്പ്: മൂന്ന് പ്രതികൾ രാജസ്ഥാനിൽ പിടിയിൽ, ഒരാൾ 17കാരൻ

മുംബൈ/കോട്ട: ബോളിവുഡ് താരം ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിയുതിർത്ത സംഭവത്തിൽ ഒളിവിൽ പോയ മൂന്ന് പ്രതികളെയും ആന്റി ഗ്യാങ്സ്റ്റർ ടാസ്‌ക് ഫോഴ്‌സും രാജസ്ഥാൻ പൊലീസും ചേർന്ന് പിടികൂടി. 17, 18, 22 വയസ്സ് പ്രായമുള്ള പ്രതികളെ രാജസ്ഥാനിലെ കോട്ട റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് ട്രെയിൻ മാർഗ്ഗം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ വലയിലായത്.

ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ജൂഹു പ്രദേശത്ത് വെച്ചായിരുന്നു ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ അജ്ഞാതർ വെടിവെപ്പ് നടത്തിയത്. ആക്രമണത്തിൽ താരം പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ഡ്രൈവർക്കും ഒപ്പമുണ്ടായിരുന്ന മറ്റൊരു വ്യക്തിക്കും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിന് ശേഷം വസായ്‌യിൽ നിന്നും പൂനെ-ജയ്‌പൂർ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിൽ (ട്രെയിൻ നമ്പർ: 12939) കയറിയ പ്രതികൾ ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങൾ കടന്ന് രാജസ്ഥാനിലേക്ക് പ്രവേശിക്കുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാജസ്ഥാൻ എടിഎഫ് നൽകിയ മുന്നറിയിപ്പിനെ തുടർന്ന് കോട്ട പൊലീസ് ട്രെയിൻ തടഞ്ഞുനിർത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അതിനിടെ, ആക്രമണത്തിന്റെ ഉത്തരവാദിത്തം അവകാശപ്പെട്ട് ലോറൻസ് ബിഷ്‌ണോയ് ഗ്യാങ്ങിന്റെ പേരിലുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പ്രചരിക്കുന്നുണ്ടെങ്കിലും പൊലീസ് ഇതിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത മുംബൈ പൊലീസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

പ്രതികൾക്ക് മഹാരാഷ്ട്രയ്ക്ക് പുറത്തുനിന്നും വിദേശത്തുനിന്നും സഹായം ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. കുറ്റവാളികളെയും അവർക്ക് പിന്നിൽ പ്രവർത്തിച്ചവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും കേന്ദ്ര ഏജൻസികളുടെ ഉൾപ്പെടെ സഹായത്തോടെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Shooting at actor Tiger Shroff’s car: Three suspects arrested in Rajasthan; one is a 17-year-old.

More Stories from this section

family-dental
witywide