
വാഷിംഗ്ടൺ: യുഎസ് തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിലെ ലോഗൻ സർക്കിൾ മേഖലയിൽ വ്യാഴാഴ്ച രാവിലെ ഉണ്ടായ വെടിവെപ്പിൽ നിരവധി പേർക്ക് വെടിയേറ്റു. വൈറ്റ് ഹൗസിന് ഏകദേശം ഒരു മൈൽ മാത്രം വടക്കുമാറിയുള്ള 15-ആം സ്ട്രീറ്റിലും പി സ്ട്രീറ്റിലും ആണ് സംഭവം. പരിക്കേറ്റവരുടെ കൃത്യമായ എണ്ണമോ ആരോഗ്യനിലയോ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം മെട്രോപൊളിറ്റൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ടിട്ടില്ലെങ്കിലും, കുറഞ്ഞത് നാല് മുതൽ അഞ്ച് പേർക്ക് വരെ വെടിയേറ്റതായാണ് പ്രാഥമിക റിപ്പോർട്ടുകൾ.
അമേരിക്കൻ സമയം രാവിലെ 8:23-ഓടെയാണ് വെടിവെപ്പ് സംബന്ധിച്ച വിവരം പോലീസിന് ലഭിക്കുന്നത്. മേഖലയിലെ ‘വിഡ ഫിറ്റ്നസ് ജിമ്മിന്’ അകത്തും പുറത്തുമാണ് വെടിവെപ്പ് നടന്നതെന്ന് സിറ്റി കൗൺസിൽ അംഗം ബ്രൂക്ക് പിന്റോ അറിയിച്ചു. ജനവാസ മേഖലകളും പള്ളിയും ഹോൾ ഫുഡ്‌സ് സൂപ്പർമാർക്കറ്റും സ്ഥിതി ചെയ്യുന്ന തിരക്കേറിയ പ്രദേശമാണിത്. വെടിയൊച്ച കേട്ടതിന് പിന്നാലെ ആളുകൾ പരിഭ്രാന്തരായി ജിമ്മിൽ നിന്നും പുറത്തേക്ക് ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട അക്രമിക്കായി പോലീസും ഫെഡറൽ ഏജൻസികളും വ്യാപകമായ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ നിരവധി റോഡുകൾ അടയ്ക്കുകയും സമീപവാസികൾ വീടുകൾക്കുള്ളിൽ തന്നെ തുടരണമെന്ന് പോലീസ് കർശന നിർദ്ദേശം നൽകുകയും ചെയ്തു. ബ്യൂറോ ഓഫ് ആൽക്കഹോൾ, ടുബാക്കോ, ഫയർ ആംസ് ആൻഡ് എക്സ്പ്ലോസീവ്സ് (ATF) ഉദ്യോഗസ്ഥരും അടിയന്തര പ്രതികരണ സേനയും സ്ഥലത്തെത്തി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.











