അമേരിക്കയിലെ മിസിസിപ്പിയിൽ മോഷണക്കുറ്റം ആരോപിച്ച് പിന്തുടരുന്നതിനിടെ ഒരു വയസ്സുകാരനായ കോഹൻ വൈലി കൊല്ലപ്പെട്ട സംഭവത്തിൽ വെടിയുതിർത്ത പൊലീസ് ഉദ്യോഗസ്ഥൻ രാജിവച്ചു. ജൂണിൽ വാൾമാർട്ട് പാർക്കിങ് ഏരിയയിലുണ്ടായ വെടിവയ്പിലാണ് കുഞ്ഞ് കൊല്ലപ്പെട്ടത്. ഉദ്യോഗസ്ഥന്റെ രാജി ഒക്ടോബർ 21ന് അംഗീകരിച്ചതായി സെനറ്റോബിയ മേയർ ഗ്രെഗ് ഗ്രേവ്സ് സ്ഥിരീകരിച്ചു.
ഹണ്ടർ ഫോസ്റ്റർ എന്ന ഉദ്യോഗസ്ഥനാണ് വെടിയുതിർത്തതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തിൽ മിസിസിപ്പി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ നടത്തിയ അന്വേഷണം പൂർത്തിയാകുന്നതുവരെ ഇയാളെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിന്റെ ബോഡി ക്യാമറ ദൃശ്യങ്ങൾ വ്യാഴാഴ്ച പുറത്തുവിട്ടു.
മിസിസിപ്പി അറ്റോർണി ജനറലിന്റെ അന്വേഷണ റിപ്പോർട്ടിൽ പൊലീസിന്റെ ബലപ്രയോഗം ന്യായീകരിക്കാവുന്നതാണെന്നും കേസിൽ കുറ്റം ചുമത്തില്ലെന്നും വ്യക്തമാക്കിയിരുന്നു. ഓടിപ്പോകാൻ ശ്രമിച്ച കാർ തനിക്കുനേരെ വന്നതിനാലാണ് വെടിയുതിർക്കേണ്ടിവന്നതെന്ന് ഫോസ്റ്ററിന്റെ അഭിഭാഷകൻ മാർട്ടിൻ സുമ്മാക്ക് പറഞ്ഞു. എന്നാൽ ഉദ്യോഗസ്ഥന്റെ നടപടി അമിതമായിരുന്നുവെന്ന് കുഞ്ഞിന്റെ കുടുംബത്തിനുവേണ്ടി ഹാജരാകുന്ന പൗരാവകാശ അഭിഭാഷകൻ ബെൻ ക്രംപ് ആരോപിച്ചു.
പൊലീസിനെ ഇടിച്ചുകയറ്റാനല്ല, രക്ഷപ്പെടാനാണ് വാഹനമോടിച്ചയാൾ ശ്രമിച്ചതെന്നും വാഹനത്തിന്റെ നമ്പർ രേഖപ്പെടുത്തി അന്വേഷണം തുടരാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡയപ്പർ മോഷ്ടിച്ചെന്ന ആരോപണത്തിന്റെ പേരിലാണ് ഒരു വയസ്സുകാരന് ജീവൻ നഷ്ടമായതെന്ന് ക്രംപ് ചൂണ്ടിക്കാട്ടി. സംഭവത്തിൽ ഫെഡറൽ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. പുറത്തുവിട്ട ദൃശ്യങ്ങളിൽ പൊലീസുകാർക്കുനേരെ വാഹനം നീങ്ങുന്നതായി തോന്നുന്നതിനിടെ ഉദ്യോഗസ്ഥൻ ഒന്നിലധികം തവണ വെടിയുതിർക്കുന്നത് കാണാം.
അതേസമയം, അന്വേഷണത്തിൽ വിശ്വാസമുണ്ടെന്ന് മിസിസിപ്പി ഗവർണർ ടേറ്റ് റീവ്സ് വ്യക്തമാക്കി. വാഹനമോടിച്ചയാൾ പൊലീസുകാരനെ ഇടിച്ചുവീഴ്ത്താൻ ശ്രമിച്ചുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തലെന്നും അദ്ദേഹം പറഞ്ഞു. സംഭവസമയത്ത് ഇടക്കാല പൊലീസ് മേധാവിയായിരുന്ന ആഞ്ചലിക്ക മേസും പിന്നീട് പദവി രാജിവച്ചു. രാജിയുടെ കാരണം വ്യക്തമല്ല.
Mississippi police officer who fatally shot 1-year-old Kohen Wiley resigns: Mayor












