
വാഷിംഗ്ടൺ: യുഎസ് സർക്കാരിനെയും നികുതിദായകരെയും പറ്റിച്ചു നടത്തുന്ന സാമ്പത്തിക തട്ടിപ്പുകൾ പുറത്തുകൊണ്ടുവരുന്ന വിസിൽബ്ലോവർമാർക്ക് (രഹസ്യവിവരങ്ങൾ നൽകുന്നവർക്ക്) വൻ തുക പ്രതിഫലം പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ, ഈ പദ്ധതി പ്രകാരം ആർക്കൊക്കെ പണം നൽകണം, എത്ര നൽകണം എന്നതിലൊക്കെയുള്ള അന്തിമ തീരുമാനം തന്റേത് മാത്രമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഭരണകൂടത്തിന്റെ ആന്റി-ഫ്രോഡ് ടാസ്ക് ഫോഴ്സ് തലവനായ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനൊപ്പം ഓവൽ ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപ് ‘ഫ്രോഡ് വിസിൽബ്ലോവർ ഇൻസെന്റീവ് പ്രോഗ്രാം’ പ്രഖ്യാപിച്ചത്.
“ഈ തീരുമാനങ്ങളുടെയെല്ലാം അന്തിമ വിധികർത്താവ് ഞാനായിരിക്കും. വിവരങ്ങൾ നൽകുന്നയാൾ അതിന് അർഹനാണോ എന്ന് ഞാൻ തീരുമാനിക്കും. ഞാൻ വളരെ ഉദാരമായി പെരുമാറും, എന്നെ വിശ്വസിക്കൂ,” ട്രംപ് പറഞ്ഞു. പണം ഉടൻ തന്നെ ലഭ്യമാക്കുമെന്നും ഒന്നിലധികം പേർ അവകാശവാദവുമായി എത്തിയാൽ തുക വിഭജിച്ചു നൽകുന്ന കാര്യം താൻ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാധാരണ പൗരന്മാർക്കും തട്ടിപ്പുകളെക്കുറിച്ച് ഈ പദ്ധതിയിലൂടെ വിവരങ്ങൾ നൽകാം. പുറത്തുകൊണ്ടുവരുന്ന തട്ടിപ്പ് തുകയുടെ 1 ശതമാനം വിസിൽബ്ലോവർമാർക്ക് ലഭിക്കുമെന്നാണ് ട്രംപിന്റെ വാദം. അതായത്, 100 ബില്യൺ ഡോളറിന്റെ തട്ടിപ്പാണെങ്കിൽ പോലും അതിന്റെ ഒരു ശതമാനം പ്രതിഫലമായി ലഭിക്കും. ഇതിനായി പ്രതികൾക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തപ്പെടണമെന്ന നിബന്ധനയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റായ America.gov/fraud-ൽ നൽകിയിരിക്കുന്ന വിവരങ്ങൾ ഇതിന് വിരുദ്ധമാണ്. വിവരം നൽകുന്നതിലൂടെ ക്രിമിനൽ കുറ്റങ്ങൾ തെളിയിക്കപ്പെട്ടാൽ മാത്രമേ പരമാവധി 30,000 ഡോളർ വരെ ലഭിക്കൂ എന്നാണ് വെബ്സൈറ്റിലുള്ളത്. എന്നാൽ വെബ്സൈറ്റിലെ നിബന്ധനകൾ തള്ളിയ ട്രംപ്, പ്രതിഫലത്തിന് പരിധികളൊന്നുമില്ലെന്ന് മാധ്യമങ്ങളോട് ആവർത്തിച്ചു.
ഈ പദ്ധതിയിലൂടെ ആദ്യമായി പ്രതിഫലം നേടിയത് മിനസോട്ടയിലെ ചൈൽഡ് കെയർ സെന്ററുകളിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് വീഡിയോ ചെയ്ത നിക് ഷെർലി എന്ന ഇരുപതുകാരനായ യൂട്യൂബറാണ്. വാർത്താസമ്മേളനത്തിൽ ട്രംപ് ഇദ്ദേഹത്തിന് 10,000 ഡോളറിന്റെ ചെക്ക് കൈമാറി.
നിലവിൽ യുഎസിൽ ‘ഫാൾസ് ക്ലെയിംസ് ആക്ട്’ പ്രകാരം ഇത്തരം വിവരങ്ങൾ നൽകുന്നവർക്ക് 25 മുതൽ 30 ശതമാനം വരെ തുക ലഭിക്കാൻ നിയമമുണ്ടെങ്കിലും ഇതിന്റെ നിബന്ധനകൾ കഠിനമാണ്. പുതിയ പദ്ധതിയെ ‘വിസിൽബ്ലോവർ എയ്ഡ്’ എന്ന സംഘടനയുടെ പ്രസിഡന്റ് നാവോമി സെലിഗ്മാൻ ശക്തമായി വിമർശിച്ചു. ട്രംപിന് തട്ടിപ്പ് തടയുന്നതിനേക്കാൾ തനിക്കെതിരെ സംസാരിക്കുന്ന വിസിൽബ്ലോവർമാരെ വേട്ടയാടാനാണ് താല്പര്യമെന്ന് അവർ ആരോപിച്ചു. സ്വന്തം ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ നടത്തുന്ന നിയമലംഘനങ്ങൾ അന്വേഷിച്ചുകൊണ്ട് ട്രംപ് മാതൃക കാണിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
‘Show me those who have defrauded the treasury, and I will give you the money’; Trump introduces new whistleblower policy in the US.















