
ഷോളി കുമ്പിളുവേലി
ന്യൂയോർക്ക്: സീറോ മലബാർ കാത്തലിക് കോൺഗ്രസ് (എസ് എം സി സി) നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, ദേശീയതലത്തിൽ സ്പോർട്സ് ടൂർണമെന്‍റുകൾ സംഘടിപ്പിക്കുന്നു. ആദ്യഘട്ടത്തിൽ ബാസ്കറ്റ്ബോൾ, വോളിബോൾ മത്സരങ്ങൾ നവംബർ 28 -ാം തീയതി ശനിയാഴ്ച ന്യൂ ജേർസിയിലെ ഹിൽസ്‌ബോറോയിലുള്ള “അയൺ പീക് സ്പോർട്സ് കോംപ്ലെക്സിൽ ” വച്ച് നടക്കും. ഒന്നാം സമ്മാനം 2001 ഡോളർ ക്യാഷ് അവാർഡും ട്രോഫിയുമാണ്. രണ്ടും, മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 1001 ഡോളറും, 501 ഡോളറും ട്രോഫികളും നൽകും. കൂടാതെ വിജയികൾക്ക് വ്യക്തിഗത ട്രോഫികളും സമ്മാനിക്കുന്നതാണ്.
ഷിക്കാഗോ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുമുള്ള ടീമുകൾക്കാണ് ഈ മത്സരങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കുക. സ്പോർട്സ് ടൂർണമെന്‍റുകൾ സംഘടിപ്പിക്കുവാൻ മുൻകൈയെടുത്ത എസ് എം സി സി നാഷണൽ കമ്മിറ്റിയെ ഷിക്കാഗോ രൂപത ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് അനുമോദിച്ചു. പുതിയ കാലഘട്ടത്തിൽ യുവജങ്ങളെ സഭയുടെ മുഖ്യധാരയിലേക്ക് ചേർത്ത് നിർത്തുന്നതിനും, അതോടൊപ്പം യുവജനങ്ങളുമായി ക്രിസ്തീയ മൂല്യങ്ങളും സ്നേഹത്തിന്റെയും സേവനത്തിന്റെയും സന്ദേശം പങ്കുവെക്കാനുള്ള മികച്ച വേദികൂടിയാണ് കായികരംഗം. ഇപ്പോൾ തന്നെ ഷിക്കാഗോ രൂപതയിലെ വിവിധ ഇടവകളിൽ സ്പോർട്സ് ടീമുകൾ സജീവമാണ്. എല്ലാ ഇടവകളിൽ നിന്നുമുള്ള ടീമുകൾ ഈ ടൂർണമെന്റിൽ പങ്കെടുക്കണമെന്ന് മാർ ജോയ് ആലപ്പാട്ട് ആഹ്വാനം ചെയ്തു.
നവംബർ 28 -ാം തീയതി ശനിയാഴ്ച ന്യൂ ജേർസിയിൽ വച്ച് നടക്കുന്ന സ്പോർട്സ് ടൂർണമെന്റിലേക്ക് എല്ലാ ഇടവകളിൽ നിന്നുമുള്ള ടീമുകളേയും പ്രതീക്ഷിക്കുന്നതായി നാഷണൽ ഡയറക്ടർ ഫാ. ജോർജ് എളമ്പാശ്ശേരിൽ പറഞ്ഞു. എസ് എം സി സി നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ബാസ്കറ്റ്ബോൾ , വോളിബോൾ ടൂർണമെന്‍റിൽ എല്ലാ ഇടവകകളുടേയും സഹകരണം ഉണ്ടാകണമെന്ന് എസ്എംസിസി പ്രസിഡന്റ് ജോർജ് വി ജോർജ്, ജനറൽ സെക്രട്ടറി ഷോളി കുമ്പിളുവേലി, ട്രഷറർ ടോമി തോമസ്, ബോർഡ് ചെയർമാൻ സിജിൽ പാലക്കലോടി എന്നിവർ അഭ്യർഥിച്ചു. ടൂർണമെന്‍റിന്‍റെ വിജയത്തിനായി വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നതായി പ്രസിഡന്റ് ജോർജ് വി ജോർജ് അറിയിച്ചു.
രജിസ്‌ട്രേഷനുള്ള അവസാന തീയതി ഒക്ടോബർ 10 -ാം തീയതിയാണ്, അതിനുമുമ്പായി താത്പര്യമുള്ള ടീമുകൾ രജിസ്‌ട്രേഷൻ ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. ടൂർണമെന്‍റിനെ സംബന്ധിച്ച് കൂടുതൽ അറിയുവാൻ കോർഡിനേറ്റർമ്മാരായ റ്റീനോ തോമസ് (845 538 3203), റോഷൻ പ്ലാമൂട്ടിൽ (484 470 5229) എന്നിവരെ ബന്ധപ്പെടുക.
SMCC to Organize National Sports Tournament in New Jersey















