
കൊളംബിയ (സൗത്ത് കരോലിന): അമേരിക്കയിലെ സൗത്ത് കരോലിനയിലുള്ള കൊളംബിയ നഗരത്തിലെ പാർക്കിലുണ്ടായ ഭീകരമായ വെടിവെപ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു. അക്രമിയെ തടയുന്നതിനിടെ മറ്റൊരു പൊലീസ് ഓഫീസർക്ക് പരിക്കേറ്റു. കൊളംബിയ പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ ഓഫീസറായ ക്രിസ്റ്റഫർ ഡെലോങ് (29) ആണ് കൊല്ലപ്പെട്ടത്. അക്രമി ആദം ടൈലർ ഡൗഡി (33) പൊലീസിൻ്റെ പ്രത്യാക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാവിലെ 9:30 ഓടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. തൻ്റെ വീട്ടിൽ പ്രവേശിക്കുന്നതിന് കോടതി വിലക്കുള്ള മുൻ സുഹൃത്ത് വീട്ടിലെത്തി സാധനങ്ങൾ അടിച്ചുതകർക്കുന്നതായി ഒരു സ്ത്രീ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഓഫീസർ ക്രിസ്റ്റഫർ ഡെലോങ്, പ്രതി അവിടെനിന്നും രക്ഷപ്പെട്ടതായി മനസ്സിലാക്കി. തുടർന്ന് സ്ത്രീ നൽകിയ പ്രതിയുടെയും ഇയാൾ സഞ്ചരിച്ച വാഹനത്തിൻ്റെയും വിവരങ്ങൾ ഡെലോങ് മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി.
തുടർന്ന് നടത്തിയ തിരച്ചിലിൽ, തൊട്ടടുത്തുള്ള പാർക്കിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ പ്രതിയുടെ വാഹനം കണ്ടെത്തുകയായിരുന്നു. ഡെലോങ് വിവരം അറിയിച്ചതിനെ തുടർന്ന് ഓഫീസർ ഡേവിഡ് ഡൈമോക്കും സഹായത്തിനായി സംഭവസ്ഥലത്തെത്തി. പൊലീസിനെ കണ്ടതോടെ പ്രതി ഇവർക്ക് നേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ ഡൈമോക്ക്, തങ്ങൾ ഇരുവർക്കും വെടിയേറ്റതായും പ്രതിയെ വെടിവെച്ചിട്ടതായും കൺട്രോൾ റൂമിൽ സന്ദേശമയച്ചു.
ഉടൻ തന്നെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡെലോങ്ങിൻ്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ഓഫീസർ ഡേവിഡ് ഡൈമോക്ക് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കൊല്ലപ്പെട്ട ക്രിസ്റ്റഫർ ഡെലോങ് കഴിഞ്ഞ രണ്ട് വർഷമായി കൊളംബിയ പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഭാര്യയും രണ്ട് ചെറിയ കുട്ടികളും അടങ്ങുന്നതാണ് ഇദ്ദേഹത്തിൻ്റെ കുടുംബം. ഡെലോങ്ങിൻ്റെ വിയോഗത്തിൽ കൊളംബിയ പൊലീസ് ചീഫ് ഡബ്ല്യു.എച്ച്. ‘സ്കിപ്പ്’ ഹോൾബ്രൂക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഡിപ്പാർട്ട്‌മെന്റിന് ഇതൊരു കറുത്ത ദിനമാണെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൊല്ലപ്പെട്ട പ്രതി ആദം ടൈലർ ഡൗഡി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. നാല് സംസ്ഥാനങ്ങളിലായി പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കൽ, മയക്കുമരുന്ന് കൈവശം വെക്കൽ, കോടതി അലക്ഷ്യം തുടങ്ങിയ കേസുകൾ ഇയാൾക്കെതിരെയുണ്ട്. സംഭവത്തെക്കുറിച്ച് സൗത്ത് കരോലിന ലോ എൻഫോഴ്‌സ്‌മെന്റ് ഡിവിഷൻ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
South Carolina park shooting: Police officer and suspect killed; another officer injured















