
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചു. എഡിജിപി പി. വിജയനാണ് അന്വേഷണ സംഘത്തിന്റെ തലവൻ. ക്രൈംബ്രാഞ്ച്, വിജിലൻസ് വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് സംഘം രൂപീകരിച്ചിരിക്കുന്നത്. യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച എസ്ഐടി അന്വേഷണങ്ങളിൽ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന് ചുമതല നൽകുന്ന ആദ്യ കേസാണിത്.
ഇടപാടിന്റെ മറവിൽ കോടികളുടെ തട്ടിപ്പ്, കള്ളപ്പണ ഇടപാടുകൾ, നിയമലംഘനം, അധികാര ദുരുപയോഗം എന്നിവ നടന്നതായി കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. നിലവിൽ ഈ വിഷയത്തിൽ നടക്കുന്ന മൂന്നാമത്തെ അന്വേഷണമാണിത്. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി നികുതി വെട്ടിച്ചതായി ജിഎസ്ടി എസ്ഐടിയും, വിദേശപണമിടപാടിൽ ഫെമ (FEMA) ചട്ടങ്ങൾ ലംഘിച്ചെന്ന പരാതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ED) അന്വേഷണം നടത്തിവരികയാണ്.
സ്പോൺസറെ തിരഞ്ഞെടുത്തതിലെ വഴിവിട്ട നീക്കങ്ങൾ, സർക്കാർ തലത്തിൽ നടന്ന ചട്ടലംഘനങ്ങളും സംവിധാനങ്ങളുടെ ദുരുപയോഗവും, വിദേശ പണമിടപാടിലെ ക്രമക്കേടുകളും കള്ളപ്പണ ഇടപാടുകളും അന്വേഷണ പരിധിയിൽ വരും.
എൽഡിഎഫ് സർക്കാരിന്റെ കാലത്തു നടന്ന ഈ നീക്കങ്ങൾക്ക് നേതൃത്വം നൽകിയത് മുൻ കായികമന്ത്രി വി. അബ്ദുറഹിമാനാണെന്ന് കായിക വകുപ്പിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ചീഫ് സെക്രട്ടറി എ. ജയതിലക് എന്നിവർക്കും വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്.
കേസ് സംസ്ഥാന സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അന്വേഷണം കൃത്യമായ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും എഡിജിപി പി. വിജയൻ വ്യക്തമാക്കി.
State government takes strict action in Argentina issue; Home Department, ADGP P. Vijayan in charge of high-level investigation















