അന്വേഷണ ഉദ്യോഗസ്ഥരോട് വ്യാജപ്രസ്താവന നടത്തി: വെനസ്വേലൻ സ്വദേശിയെ വെടിവെച്ച യു.എസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥനെതിരെ ഫെഡറൽ കേസ്

വാഷിംഗ്ടൺ/മിന്നിയാപോളിസ്: യു.എസിലെ മിന്നിയാപോളിസിൽ നടന്ന കുടിയേറ്റവിരുദ്ധ നടപടിക്കിടെ വെനസ്വേലൻ സ്വദേശിയെ വെടിവെച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ ഫെഡറൽ അന്വേഷണ ഉദ്യോഗസ്ഥരോട് അസത്യം പറഞ്ഞു എന്ന കുറ്റത്തിന് ഐസിഇ (ICE – Immigration and Customs Enforcement) ഉദ്യോഗസ്ഥനെതിരെ കേസ് എടുത്തു. ക്രിസ്റ്റ്യൻ കാസ്ട്രോ എന്ന ഉദ്യോഗസ്ഥനെതിരെയാണ് യു.എസ് ഫെഡറൽ പ്രോസിക്യൂട്ടർമാർ കുറ്റം ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത്. ട്രംപ് ഭരണകൂടം തടവുകാരെയും അനധികൃത കുടിയേറ്റക്കാരെയും ലക്ഷ്യമിട്ട് സംഘടിപ്പിച്ച ‘ഓപ്പറേഷൻ മെട്രോ സർജ്’ എന്ന നടപടിയുടെ ഭാഗമായി പരിശോധനയ്‌ക്കെത്തിയതായിരുന്നു ഐസിഇ ഏജന്റുമാർ. ഇതിനിടയിൽ ഹൂലിയോ സൊസ-സെലിസ് എന്ന വെനസ്വേലക്കാരൻ്റെ കാലിലേക്ക് കാസ്ട്രോ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റെങ്കിലും സൊസ-സെലിസിന് ജീവഹാനി സംഭവിച്ചിരുന്നില്ല.

സംഭവത്തിന് ശേഷം, സൊസ-സെലിസ് പാരയും ചൂലുമായി തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും അതിനാലാണ് വെടിവെച്ചതെന്നും ഫെഡറൽ അധികൃതർ വാദിച്ചിരുന്നു. മുൻ ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം ഇത് “ഫെഡറൽ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ശ്രമം” എന്ന് വിശേഷിപ്പിക്കുകയും സൊസ-സെലിസിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

എന്നാൽ മിന്നിയാപോളിസ് സിറ്റി അധികൃതർ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിൽ, ആരോപിക്കപ്പെട്ട ആയുധങ്ങൾ ഉപേക്ഷിച്ച് വീടിനുള്ളിലേക്ക് ഓടാൻ ശ്രമിച്ച സൊസ-സെലിസിന് നേരെ അടച്ച വാതിലിലൂടെയാണ് കാസ്ട്രോ വെടിയുതിർത്തതെന്ന് വ്യക്തമായി. തെളിവുകൾ എതിരായതോടെ സൊസ-സെലിസിനെതിരെയുണ്ടായിരുന്ന കേസ് പ്രോസിക്യൂട്ടർമാർ പിൻവലിച്ചു.

മിനസോട്ട സംസ്ഥാന കോടതി നേരത്തെതന്നെ ആക്രമിച്ച് പരിക്കേൽപ്പിക്കൽ, വ്യാജ വിവരം നൽകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കാസ്ട്രോയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട്, മിനസോട്ടയ്ക്ക് കാസ്ട്രോയെ കൈമാറാനുള്ള വാറന്റിൽ ഒപ്പിടാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇയാൾ കസ്റ്റഡിയിൽ നിന്ന് മോചിതനായി. ഇതിനുശേഷമാണ് ഇപ്പോൾ ഫെഡറൽ ഏജൻസികൾ കാസ്ട്രോയ്‌ക്കെതിരെ തെറ്റായ പ്രസ്താവന നൽകിയതിന് കേസെടുത്തിരിക്കുന്നത്.

അതേസമയം, പ്രോസിക്യൂട്ടർമാരുടെ ഈ നടപടി കേസ് ലഘൂകരിക്കാനുള്ള ശ്രമമാണെന്ന് സൊസ-സെലിസിൻ്റെ അഭിഭാഷകൻ ആരോപിച്ചു. കൃത്യമായ മനുഷ്യാവകാശ ലംഘനത്തിന് കേസെടുക്കുന്നതിന് പകരം വെറും വ്യാജപ്രസ്താവന നടത്തിയത് ചൂണ്ടിക്കാട്ടി മാത്രം കേസ് എടുക്കുന്നത് നീതിനിഷേധമാണെന്നും ഇയാൾ കൂട്ടിച്ചേർത്തു. മിനസോട്ടയിൽ ട്രംപ് ഭരണകൂടം അയച്ച ആയിരക്കണക്കിന് ഫെഡറൽ ഏജന്റുമാരുടെ നടപടികൾ വലിയ ജനരോഷത്തിന് വഴിവെച്ചിട്ടുണ്ട്. ഈ റെയ്ഡുകൾക്കിടെ റെനെ ഗുഡ്, അലക്സ് പ്രെറ്റി എന്നീ രണ്ട് അമേരിക്കൻ പൗരന്മാരും ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.

Federal case against US immigration officer who shot Venezuelan man, making false statements to investigators

More Stories from this section

family-dental
witywide