ഡയാലിസിസ് ദുരിതത്തിന് വിരാമമിട്ട് ‘സെനോട്രാൻസ്പ്ലാൻ്റേഷൻ’: പന്നിയുടെ വൃക്ക അമേരിക്കക്കാരൻ്റെ ശരീരത്തിൽ പ്രവർത്തിച്ചത് 271 ദിവസം! വൈദ്യശാസ്ത്രത്തിന് പ്രതീക്ഷയുടെ വെളിച്ചം

വാഷിംഗ്ടൺ: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വൃക്കരോഗികൾക്ക് പ്രതീക്ഷയേകി വൈദ്യശാസ്ത്ര രംഗത്ത് വൻ വഴിത്തിരിവ്. അമേരിക്കക്കാരനായ ടോം ആൻഡ്രൂസ് (66) എന്ന രോഗിയുടെ ശരീരത്തിൽ വെച്ചുപിടിപ്പിച്ച ജനിതക മാറ്റം വരുത്തിയ പന്നിയുടെ വൃക്ക റെക്കോർഡ് സമയമായ 271 ദിവസം (ഒമ്പത് മാസത്തോളം) വിജയകരമായി പ്രവർത്തിച്ചു. മറ്റൊരു ജീവിവർഗത്തിൽ നിന്നുള്ള അവയവം മനുഷ്യശരീരത്തിൽ ഇത്രയും നീണ്ട കാലയളവ് പ്രവർത്തിക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്.

ഡയാലിസിസ് ദുരിതത്തിൽ നിന്ന് താത്കാലിക മോചനം

ടൈപ്പ് 2 പ്രമേഹം മൂലം ഇരു വൃക്കകളും തകരാറിലായ ആൻഡ്രൂസിന് 2025 ജനുവരി 25-നാണ് മാസ് ജനറൽ ബ്രിഗാം ആശുപത്രിയിലെ ഡോക്ടർമാർ പന്നിയുടെ വൃക്ക മാറ്റിവെച്ചത്. പുതിയൊരു മനുഷ്യ വൃക്ക ലഭിക്കാൻ കുറഞ്ഞത് 7 വർഷം കാത്തിരിക്കണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയതോടെയാണ് അദ്ദേഹം ഈ പരീക്ഷണത്തിന് തയ്യാറായത്.

“എനിക്ക് സമയക്കുറവുണ്ടായിരുന്നു. മാസങ്ങളോളം ആശുപത്രിയിൽ പോയി ഡയാലിസിസ് മെഷീനിൽ കിടക്കുന്ന അവസ്ഥയിൽ നിന്ന് മോചനം ലഭിക്കുകയും സ്വതന്ത്രമായി ജീവിക്കാൻ സാധിക്കുകയും ചെയ്തത് വലിയൊരു ആശ്വാസമായിരുന്നു,” ടോം ആൻഡ്രൂസ് തൻ്റെ അനുഭവം പങ്കുവെച്ചു.

എന്തുകൊണ്ട് പന്നിയുടെ വൃക്ക?

മനുഷ്യൻ്റെ പ്രതിരോധ വ്യവസ്ഥ മറ്റ് ജീവികളുടെ അവയവങ്ങളെ അന്യവസ്തുവായി തിരിച്ചറിഞ്ഞ് മിനിറ്റുകൾക്കകം നശിപ്പിക്കാറുണ്ട്. ഇത് ഒഴിവാക്കാൻ ‘യൂക്കാട്ടൻ മിനിയേച്ചർ’ ഇനത്തിൽപ്പെട്ട പന്നികളുടെ ജനിതകഘടനയിൽ ശാസ്ത്രജ്ഞർ 69 തരം മാറ്റങ്ങൾ വരുത്തി. മനുഷ്യ പ്രതിരോധ വ്യവസ്ഥയെ കബളിപ്പിക്കാനും അണുബാധകൾ ഒഴിവാക്കാനും ശേഷിയുള്ള രീതിയിലാണ് ഈ വൃക്ക രൂപകൽപ്പന ചെയ്തത്.

ശസ്ത്രക്രിയയ്ക്ക് ശേഷം 271 ദിവസം ഈ വൃക്ക കൃത്യമായി രക്തം ശുദ്ധീകരിച്ചു. ഒക്ടോബറോടെ പ്രവർത്തനം മന്ദഗതിയിലായതിനെ തുടർന്ന് വൃക്ക നീക്കം ചെയ്തു. എന്നാൽ, അനുയോജ്യനായ ഒരു മനുഷ്യ ദാതാവിനെ ലഭിക്കുന്നതുവരെ ഡയാലിസിസ് ഒഴിവാക്കി രോഗിയുടെ ജീവൻ നിലനിർത്താൻ ഇത്തരം അവയവങ്ങൾക്ക് കഴിയുമെന്ന് ഇത് തെളിയിച്ചു. തുടർന്ന് ഈ വർഷം ജനുവരിയിൽ ലഭിച്ച ഒരു മനുഷ്യ വൃക്ക ഇപ്പോൾ ആൻഡ്രൂസിൻ്റെ ശരീരത്തിൽ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്.

ലോകമെമ്പാടും അനുഭവപ്പെടുന്ന രൂക്ഷമായ അവയവക്ഷാമത്തിന് പരിഹാരമായി മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് അവയവങ്ങൾ മാറ്റിവെക്കുന്ന ‘സെനോട്രാൻസ്പ്ലാൻ്റേഷൻ’ (Xenotransplantation) എന്ന രീതി വലിയൊരു പ്രതീക്ഷയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട പഠനം പ്രശസ്ത മെഡിക്കൽ മാസികയായ ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘Xenotransplantation’ puts an end to dialysis misery: Pig kidney worked in American’s body for 271 days!

More Stories from this section

family-dental
witywide