കേഡറ്റുകളെ പരിഹസിച്ച യു.എസ് പ്രതിരോധ സെക്രട്ടറിക്ക് എതിരെ കാനഡയിൽ ശക്തമായ പ്രതിഷേധം; ‘പദവിക്ക് നിരക്കാത്ത നടപടി’യെന്ന് പ്രതിരോധ മന്ത്രി

ഒട്ടാവ: കാനഡയിലെ യുവജന കേഡറ്റ് പരിശീലന പരിപാടിയിൽ പങ്കെടുത്ത അംഗങ്ങളെ സോഷ്യൽ മീഡിയയിലൂടെ പരിഹസിച്ച സംഭവത്തിൽ യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെതിരെ കാനഡയിൽ വ്യാപക പ്രതിഷേധം. ഹെഗ്‌സെത്തിൻ്റെ നടപടി അദ്ദേഹം വഹിക്കുന്ന പദവിയുടെ അന്തസ്സിന് നിരക്കാത്തതാണെന്ന് കനേഡിയൻ പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗിൻ്റി കടുത്ത ഭാഷയിൽ വിമർശിച്ചു.

കാനഡയിലെ ഒരു പ്രാദേശിക കേഡറ്റ് പരിശീലന കേന്ദ്രത്തിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച ചിത്രമാണ് പിറ്റ് ഹെഗ്‌സെത്ത് തൻ്റെ ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലൂടെ പങ്കുവെച്ചത്. ഒരു യുവ കേഡറ്റ് തൻ്റെ ഇൻസ്ട്രക്ടറിൽ നിന്ന് പുരസ്കാരം സ്വീകരിക്കുന്നതായിരുന്നു ചിത്രം. കനേഡിയൻ പതാകയുടെ ഇമോജിക്കൊപ്പം “ഇതാണ് യാഥാർത്ഥ്യം” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഇത് പോസ്റ്റ് ചെയ്തത്. ചിത്രത്തിലുള്ളവരുടെ ശാരീരിക രൂപത്തെയും വസ്ത്രധാരണത്തെയും അധിക്ഷേപിച്ചുകൊണ്ട് കനേഡിയൻ സൈന്യത്തെ ചെറുതാക്കി കാണിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് യു.എസ് പ്രതിരോധ സെക്രട്ടറിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നാണ് ആക്ഷേപം. സംഭവത്തിൽ ഹെഗ്‌സെത്തിനെതിരെ ‘ബോഡി ഷെയിമിങ്’ ആരോപണവും ശക്തമായിട്ടുണ്ട്.

മീം രാഷ്ട്രീയം അവസാനിപ്പിക്കാതെ ചർച്ചയില്ല: മാർക്ക് കാർണി

യു.എസ് ഭരണകൂടത്തിൻ്റെ ഭാഗത്തുനിന്നുണ്ടാകുന്ന നിരന്തരമായ പരിഹാസങ്ങളോട് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. “അമേരിക്കക്കാർ ഇത്തരം മീമുകൾ ഉണ്ടാക്കുന്നതും, തരംതാഴ്ന്ന പരിഹാസങ്ങൾ നടത്തുന്നതും, തങ്ങൾ കരുത്തരാണെന്ന് കാണിക്കാൻ ശ്രമിക്കുന്നതും അവസാനിപ്പിച്ച് ഗൗരവത്തോടെ സമീപിക്കാൻ തയ്യാറാകുമ്പോൾ മാത്രമേ തർക്കങ്ങളിൽ ഇനി ചർച്ചകൾ പുനരാരംഭിക്കൂ” എന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഹെഗ്‌സെത്തിൻ്റെ പോസ്റ്റ് “അതിൽ തന്നെ എല്ലാം വ്യക്തമാക്കുന്നുണ്ട്” എന്നായിരുന്നു പെൻ്റഗണിൻ്റെ ഔദ്യോഗിക പ്രതികരണം.

12 നും 18 നും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് നേതൃത്വപാടവവും സൈനിക നൈപുണ്യവും നൽകുന്ന കാനഡയുടെ നാഷണൽ കേഡറ്റ് പ്രോഗ്രാമിനെ സൈന്യമാണ് നേരിട്ട് നിയന്ത്രിക്കുന്നത്. കേഡറ്റുകളുടെ നേട്ടങ്ങളെ ഓൺലൈനിലൂടെ അവഹേളിച്ച നടപടിയെ കേഡറ്റ് പ്രോഗ്രാമിനെ പിന്തുണയ്ക്കുന്ന സിവിൽ സംഘടനയായ ‘ആർമി കേഡറ്റ് ലീഗ് ഓഫ് കാനഡ’ കടുത്ത ഭാഷയിൽ അപലപിച്ചു. സമൂഹത്തെ സേവിക്കാൻ സജീവമായി പരിശ്രമിക്കുന്ന യുവാക്കൾക്കെതിരെ ഇത്തരം മോശം പരാമർശങ്ങൾ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു.

യു.എസ് – കാനഡ വ്യാപാര യുദ്ധം മുറുകുന്നു

അമേരിക്കയും കാനഡയും തമ്മിൽ നിലനിൽക്കുന്ന കടുത്ത വ്യാപാര തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. കാനഡ തങ്ങളുടെ പ്രതിരോധത്തിനായി അമേരിക്കൻ സൈനിക ശക്തിയെയാണ് ആശ്രയിക്കുന്നതെന്ന് ട്രംപ് ഭരണകൂടം ദീർഘകാലമായി ആരോപിക്കുന്നുണ്ട്. കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും തമ്മിൽ നടന്ന വ്യാപാര ചർച്ചകൾ പരാജയപ്പെട്ടിരുന്നു. അവസാന നിമിഷം ഇരുപക്ഷവും ഉന്നയിച്ച കടുത്ത നിബന്ധനകളാണ് കരാർ തകരാൻ കാരണമായത്.

ഇതിനെത്തുടർന്ന് കാനഡയിൽ നിന്നുള്ള ഏകദേശം 20 ബില്യൺ ഡോളറിൻ്റെ (28 ബില്യൺ കനേഡിയൻ ഡോളർ) ഇറക്കുമതിക്ക് യു.എസ് ഉടനടി 50 ശതമാനം താരിഫ് ചുമത്തിയിരുന്നു. കാനഡയും അടുത്ത ആഴ്ച മുതൽ ഇതിന് തത്തുല്യമായ തിരിച്ചടികൾ നൽകാൻ ഒരുങ്ങുകയാണ്.

വാക്കേറ്റങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ കൂടുതൽ വഷളാക്കുകയാണ്. ഒൻ്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് ട്രംപിനെ “തോറ്റവൻ” (Loser) എന്ന് വിളിച്ചതും, ഒൻ്റാറിയോ തടാകത്തിൻ്റെ പേര് ‘ലേക്ക് അമേരിക്ക’ എന്നാക്കി മാറ്റാൻ യു.എസ് പ്രസിഡൻ്റ് ശ്രമിച്ചതും വലിയ വിവാദമായിരുന്നു. കാനഡയ്ക്ക് “സൈന്യമില്ലാത്ത രാജ്യമാണ്” എന്ന് യു.എസ് ഗതാഗത സെക്രട്ടറി സീൻ ഡഫി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. അഫ്ഗാനിസ്ഥാൻ യുദ്ധത്തിൽ കാനഡ യു.എസിനെ പിന്തുണച്ചതുൾപ്പെടെ ഇരുരാജ്യങ്ങളും ദീർഘകാലമായി പ്രതിരോധ പങ്കാളികളുമാണ്. കൂടാതെ സമീപ മാസങ്ങളിൽ കാനഡ തങ്ങളുടെ പ്രതിരോധ ചെലവുകൾ ഗണ്യമായി വർദ്ധിപ്പിച്ചിട്ടുമുണ്ട്.

സ്വന്തം നാട്ടിലും കടുത്ത സമ്മർദ്ദത്തിലാണ് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. പെൻ്റഗണിൽ നിന്ന് പ്രമുഖ സൈനിക നേതാക്കൾ കൂട്ടത്തോടെ ഒഴിഞ്ഞുപോയതും, ഇറാൻ യുദ്ധം യു.എസ് കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ചുള്ള ചോദ്യങ്ങളും അദ്ദേഹത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

Strong protest in Canada against US Defense Secretary for mocking cadets; Defense Minister calls it ‘unbecoming’

More Stories from this section

family-dental
witywide