
സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമേകി വേനൽമഴ ശക്തിപ്രാപിക്കുന്നു. മഴ കനത്ത പശ്ചാത്തലത്തിൽ ഇന്ന് ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.
നാളെ മേയ് രണ്ടിന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മേയ് അഞ്ച് വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. മധ്യ-വടക്കൻ കേരളത്തിലും മലയോര മേഖലകളിലുമായിരിക്കും മഴ കൂടുതൽ ശക്തമാകുക. മഴയോടൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കാവുന്ന കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ദുരന്തനിവാരണ അതോറിറ്റി നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കാർമേഘങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. ഇടിമിന്നൽ സമയത്ത് വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കണമെന്നും പുറംജോലികളിൽ ഏർപ്പെടുന്നവർ മുൻകരുതൽ എടുക്കണമെന്നും മുന്നറിയിപ്പുണ്ട്.
Summer Rain Intensifies in Kerala; Yellow Alert in Seven Districts










