ക്രിസ്റ്റ പൈക്കിൻ്റെ വധശിക്ഷയ്ക്ക് സുപ്രീം കോടതിയുടെ അനുമതി; 200 വർഷത്തിനിടെ ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധേയയാകുന്ന ആദ്യ വനിത, ഉടൻ നടപ്പാക്കും

വാഷിംഗ്‌ടൺ: അമേരിക്കയിലെ ടെന്നസി സംസ്ഥാനത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന ഏക വനിതാ തടവുകാരി ക്രിസ്റ്റ പൈക്കിന്റെ (50) ശിക്ഷ നടപ്പാക്കാൻ അനുമതി നൽകി യുഎസ് സുപ്രീം കോടതി. വധശിക്ഷ നടപ്പാക്കാൻ ഒരു മണിക്കൂർ മാത്രം ബാക്കിനിൽക്കെ ബുധനാഴ്ച രാവിലെ അപ്പീൽ കോടതി അനുവദിച്ച താൽക്കാലിക സ്റ്റേ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിർണായക വിധി. ഇതോടെ കഴിഞ്ഞ 200 വർഷത്തിനിടെ ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധേയയാകുന്ന ആദ്യ വനിതയായി ക്രിസ്റ്റ പൈക്ക് മാറും.

കീഴ്ക്കോടതിയുടെ സ്റ്റേ ഉത്തരവ് അടിയന്തരമായി റദ്ദാക്കണമെന്ന് ടെന്നസി അറ്റോർണി ജനറൽ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതിയിലെ കൺസർവേറ്റീവ് ജഡ്ജിയായ ബ്രെറ്റ് കാവനോ ആണ് സ്റ്റേ നീക്കിക്കൊണ്ടുള്ള അപേക്ഷ ബുധനാഴ്ച വൈകുന്നേരം അംഗീകരിച്ചത്. എന്നാൽ ഉത്തരവിൽ ഇതിനുള്ള പ്രത്യേക കാരണങ്ങളൊന്നും കോടതി വ്യക്തമാക്കിയിട്ടില്ല.

അതേസമയം, കോടതിയിലെ മൂന്ന് ലിബറൽ ജഡ്ജിമാരായ സോണിയ സോട്ടോമേയർ, എലീന കാഗൻ, കേതൻജി ബ്രൗൺ ജാക്സൺ എന്നിവർ ഈ തീരുമാനത്തോട് ശക്തമായി വിയോജിച്ചു. പൈക്ക് സമർപ്പിച്ച നിയമപരമായ അപ്പീലുകൾ കൃത്യമായി പരിഗണിക്കുന്നതിന് മുമ്പ് വധശിക്ഷ നടപ്പാക്കുന്നത് നീതിയുക്തമല്ലെന്ന് ജസ്റ്റിസ് സോണിയ സോട്ടോമേയർ ഭിന്നവിധിയിൽ കുറിച്ചു. വധശിക്ഷ ഏതാനും ദിവസങ്ങളോ ആഴ്ചകളോ നേരത്തെയാക്കാനുള്ള സംസ്ഥാനത്തിന്റെ താല്പര്യം ഒരു വ്യക്തിയുടെ ജീവിക്കാനുള്ള മൗലികാവകാശത്തേക്കാൾ വലുതല്ലെന്നും അവർ വ്യക്തമാക്കി.

പ്രാദേശിക സമയം വൈകുന്നേരം ആറ് മണിയോടെയാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്തിന്റെ നിലവിലെ വധശിക്ഷാ ഉത്തരവിന്റെ കാലാവധി അർദ്ധരാത്രിയോടെ അവസാനിക്കുന്നതിനാൽ, ഈ സമയപരിധിക്കുള്ളിൽ ശിക്ഷ നടപ്പാക്കാനായില്ലെങ്കിൽ ടെന്നസി സുപ്രീം കോടതിക്ക് പുതിയ തീയതി പ്രഖ്യാപിക്കേണ്ടി വരും. ക്രിസ്റ്റ പൈക്ക് സമർപ്പിച്ച ദയാ ഹർജി ടെന്നസി ഗവർണർ ഈ ആഴ്ച ആദ്യം തള്ളിയിരുന്നു. വിഷം കുത്തിവെച്ചാണ് വധശിക്ഷ നടപ്പാക്കുക.

1995-ൽ നോക്സ്‌വില്ലിലെ ഒരു ജോബ് ട്രെയിനിംഗ് ക്യാമ്പിൽ വെച്ച് പരിചയപ്പെട്ട കോളിൻ സ്ലെമ്മർ (19) എന്ന പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ 1996-ലാണ് ക്രിസ്റ്റ പൈക്കിന് വധശിക്ഷ വിധിക്കുന്നത്. അന്ന് 18 വയസ്സ് മാത്രമുണ്ടായിരുന്ന പൈക്കും കാമുകനായ തടാരിയൽ ഷിപ്പും ചേർന്നാണ് ഈ ക്രൂരകൃത്യം ചെയ്തത്. കൊല്ലപ്പെട്ട കോളിന്റെ നെഞ്ചിൽ സാത്താൻ സേവയുമായി ബന്ധപ്പെട്ട അഞ്ചുമൂലയുള്ള നക്ഷത്ര ചിഹ്നം കൊത്തിവെച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇത് അക്കാലത്ത് അമേരിക്കയിൽ വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു.

തടവിലാക്കപ്പെടുന്ന സമയത്ത് യുഎസിലെ ഏറ്റവും പ്രായം കുറഞ്ഞ വധശിക്ഷാ പ്രതിയായിരുന്നു ക്രിസ്റ്റ പൈക്ക്. അമേരിക്കയിൽ 1976-ൽ വധശിക്ഷ പുനരാരംഭിച്ചതിന് ശേഷം ഇതുവരെ 18 സ്ത്രീകൾ മാത്രമാണ് വധിക്കപ്പെട്ടിട്ടുള്ളത് (ആകെ വധശിക്ഷകളുടെ ഒരു ശതമാനം മാത്രം). 1,663 പുരുഷന്മാർക്കും ഈ കാലയളവിൽ വധശിക്ഷ നടപ്പാക്കി.

Supreme Court clears Christa Pike’s execution; she will be the first woman in Tennessee to face the death penalty in 200 years, and the sentence will be carried out soon.

More Stories from this section

family-dental
witywide