
സാൻ ജുവാൻ (പ്യൂർട്ടോ റിക്കോ): 75-ാമത് മിസ് യൂണിവേഴ്സ് സൗന്ദര്യമത്സരത്തിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന മലയാളി താരം കെസിയ ലിസ് മെജോ (19) അവസാന 12 പേരുടെ പട്ടികയിൽ ഇടം നേടാനാകാതെ പുറത്തായി. പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിലുള്ള ജോസ് മിഗുവൽ അഗ്രലോട്ട് കൊളീസിയത്തിൽ നടന്ന വർണ്ണാഭമായ ഗ്രാൻഡ് ഫിനാലെയിൽ ആദ്യ 30 പേരുടെ പട്ടികയിൽ ഇടംപിടിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമാണ് കെസിയയുടെ മടക്കം.
കിരീടം കൈവിട്ടെങ്കിലും 75 വർഷത്തെ മിസ് യൂണിവേഴ്സ് ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ നിന്ന് മിസ് യൂണിവേഴ്സ് ഇന്ത്യ പട്ടം നേടി അന്താരാഷ്ട്ര വേദിയിലെത്തുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടവുമായാണ് കെസിയ മടങ്ങുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 112 മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ കേരളത്തിന്റെ തനത് കസവ് വസ്ത്രങ്ങളണിഞ്ഞുള്ള കെസിയയുടെ പ്രകടനം ആഗോളതലത്തിൽ ശ്രദ്ധ നേടിയിരുന്നു.
ആലപ്പുഴ മാവേലിക്കര സ്വദേശിനിയായ കെസിയ വളർന്നതും പഠിച്ചതും അബുദാബിയിലാണ്. നിലവിൽ ബെംഗളൂരുവിൽ നിയമവിദ്യാർഥിനിയായ താരം മോഡലിങ് രംഗത്തും സജീവമാണ്. കഴിഞ്ഞ ഓഗസ്റ്റ് 23-ന് ജയ്പൂരിൽ നടന്ന മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ 52 മത്സരാർത്ഥികളെ പിന്തള്ളിയാണ് കെസിയ കിരീടം ചൂടിയത്.
ചിലി, ഡൊമിനിക്കൻ റിപ്പബ്ലിക്, അമേരിക്ക, ന്യൂസിലൻഡ്, ക്യൂബ, പ്യൂർട്ടോ റിക്കോ, ഫിലിപ്പീൻസ്, കൊളംബിയ, നിക്കരാഗ്വ, വെനസ്വേല, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളാണ് അവസാന 12-ലേക്ക് യോഗ്യത നേടിയത്. സുസ്മിത സെൻ (1994), ലാറ ദത്ത (2000), ഹർനാസ് സന്ധു (2021) എന്നിവരാണ് ഇതിനുമുമ്പ് ഇന്ത്യയ്ക്കായി മിസ് യൂണിവേഴ്സ് കിരീടം നേടിയവർ.
Miss Universe: Kezia misses out on the top 12; returns home with a historic achievement.















