
വാഷിംഗ്ടൺ: രേഖകളില്ലാത്ത പതിനായിരക്കണക്കിന് കുടിയേറ്റക്കാരെ നാടുകടത്തൽ നടപടികൾ പൂർത്തിയാകുന്നതുവരെ ജാമ്യാപേക്ഷ നൽകാൻ അനുവദിക്കാതെ അനിശ്ചിതകാലമായി തടവിലിടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ യുഎസ് സുപ്രീം കോടതി രംഗത്ത്. കേന്ദ്ര സർക്കാരിന്റെ ഈ വിവാദ നയത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. ‘റോണി വി. ബാർബോസ ഡ കുൻഹ’ എന്ന കേസിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി വിഷയം പരിഗണിക്കുന്നത്.
അമേരിക്കയിൽ വർഷങ്ങളായി താമസിക്കുന്നവരും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്തവരുമായ കുടിയേറ്റക്കാർക്ക് പോലും ജാമ്യാപേക്ഷ നിഷേധിക്കുന്ന രീതിയിലാണ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) പുതിയ നിയമങ്ങൾ കടുപ്പിച്ചത്. മുൻപ് ഇത്തരക്കാർക്ക് ഇമിഗ്രേഷൻ ജഡ്ജിക്ക് മുന്നിൽ ജാമ്യാപേക്ഷ നൽകാനും വിചാരണ തീരുന്നതുവരെ പുറത്തു കഴിയാനും അവകാശമുണ്ടായിരുന്നു. എന്നാൽ ഇതിൽ മാറ്റം വരുത്തിക്കൊണ്ട്, നിയമവിരുദ്ധമായി രാജ്യത്തുള്ള എല്ലാവരെയും ജാമ്യം നൽകാതെ നിർബന്ധിത തടങ്കലിൽ വെയ്ക്കാൻ ഭരണകൂടം ഉത്തരവിടുകയായിരുന്നു.
വിവിധ ഫെഡറൽ അപ്പീൽ കോടതികൾ ഈ വിഷയത്തിൽ വ്യത്യസ്ത വിധികൾ പ്രസ്താവിച്ചതോടെയാണ് കേസ് സുപ്രീം കോടതിയിലെത്തിയത്. രാജ്യത്തെ ഭൂരിഭാഗം സർക്യൂട്ട് അപ്പീൽ കോടതികളും ട്രംപ് ഭരണകൂടത്തിന്റെ നയത്തെ തള്ളിക്കളയുകയും കുടിയേറ്റക്കാർക്ക് ജാമ്യാപേക്ഷയ്ക്കുള്ള അവകാശമുണ്ടെന്ന് വിധിക്കുകയും ചെയ്തപ്പോൾ, ഏതാനും കോടതികൾ സർക്കാരിന്റെ നിലപാടിനെ പിന്തുണച്ചു. കീഴ്ക്കോടതികളിൽ ആയിരക്കണക്കിന് ഹർജികൾ കെട്ടിക്കിടക്കുന്ന പശ്ചാത്തലത്തിൽ, സുപ്രീം കോടതിയുടെ അന്തിമ വിധി അമേരിക്കയുടെ കുടിയേറ്റ നയങ്ങളിലും പൗരാവകാശ സംരക്ഷണത്തിലും നിർണ്ണായക വഴിത്തിരിവാകും.












