
ജീമോൻ റാന്നി
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയും സൗഹൃദവും സാഹോദര്യവും വിളിച്ചോതിയ പ്രഥമ എക്യുമെനിക്കൽ ഫെസ്റ്റ് വർണശബളമായ കലാപരിപാടികളോടും ആത്മീയ നിറവോടും കൂടി പ്രൗഢഗംഭീരമായി സമാപിച്ചു.
ഹൂസ്റ്റണിലെ വിവിധ സഭകളിലെ 20 ഇടവകകളുടെ സംയുക്ത കൂട്ടായ്മയായ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി (ICECH) സംഘടിപ്പിച്ച പ്രഥമ എക്യുമെനിക്കൽ ഫെസ്റ്റ് 2026 വൈവിധ്യമാർന്ന കലാപരിപാടികളും ആത്മീയ അനുഭവങ്ങളും സൗഹൃദത്തിന്റെ നിറവുമൊക്കെയായി ശ്രദ്ധേയമായി.
സെപ്റ്റംബർ 12 ശനിയാഴ്ച വൈകുന്നേരം 5 മുതൽ 10 വരെ സെന്റ് ജെയിംസ് ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന ഫെസ്റ്റിൽ ഹൂസ്റ്റണിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ നിന്നുള്ള ആയിരത്തിലധികം വിശ്വാസികളോടൊപ്പം ഹൂസ്റ്റണിലെ പൊതു സമൂഹം ഒഴുകിയെത്തി.
ഹ്യൂസ്റ്റണിലെ ഇന്ത്യൻ ക്രൈസ്തവ സമൂഹത്തിന്റെ ഐക്യത്തിന്റെയും സഹകരണത്തിന്റെയും മനോഹരമായ വേദിയായി മാറിയ ഫെസ്റ്റിൽ വിവിധ ഇടവകകളിൽ നിന്നുള്ള കലാപ്രതിഭകൾ അവതരിപ്പിച്ച സംഗീത-നൃത്ത പരിപാടികളും മറ്റ് കലാവിരുന്നുകളും ശ്രദ്ധേയമായി.
നാടൻ രുചിയുടെ കലവറയൊരുക്കിയ “എക്യൂമെനിക്കൽ തട്ടുകടയുടെ ” മുമ്പിൽ നൂറു കണക്കിന് ആളുകൾ ക്യൂ നിന്ന് രുചിയുടെ മഹത്വം അറിയാൻ നിന്നതു വേറിട്ട കാഴ്ചയായി. പൊറോട്ടയും ബീഫ് കറിയും, കപ്പയും മീൻ കറിയും മസാലദോശയുടെയും പ്രത്യേക കൗണ്ടറുകളിൽ നീണ്ട നിരയായിരുന്നു. “എന്റെ വീട് “ടീമിന്റെ നേത്രത്വതിൽ നടന്ന ” ചായക്കട” യിൽ ചായയും ഉണ്ണിയപ്പവും കൊഴുക്കട്ടയുടെയും രുചിയറിയാൻ നീണ്ട നിരയായിരുന്നു. സെന്റ് തോമസ് സിഎസ് ഐ ഇടവക വികാരി ദീപു എബി ജോൺ അച്ചന്റെ ചായയടി കൗതുകകരമായ കാഴ്ച്ചയായിരുന്നു.
25 പ്രതിഭകൾ അണിനിരന്ന SMT പഞ്ചാരി മേളം ടീമിന്റ ചെണ്ടമേളം ഫെസ്റ്റിന് ആവേശവും താളക്കൊഴുപ്പും നൽകി.
എം.സിമാരായ ജീമോൻ റാന്നിയുടേയും മിൽറ്റ മാത്യുവിന്റെയും ആമുഖത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. മേഴ്സി ജെയിംസിന്റെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ വെരി.റവ.ഫാ. പ്രസാദ് കോവൂർ കോറെപ്പിസ്‌കോപ്പ പ്രാരംഭ പ്രാർത്ഥന നടത്തി.
ICECH സെക്രട്ടറി ഷാജൻ ജോർജ് സ്വാഗതം ആശംസിച്ചു. ICECH പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ് അധ്യക്ഷത വഹിച്ചു. ദീപപ്രകാശനത്തിലൂടെ ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. മുഖ്യാതിഥിയായ മേയർ റോബിൻ ഇ ലക്കാട്ട് ഉദ്ഘാടന പ്രസംഗം നടത്തി. ഡിസ്‌ട്രിക്‌ട് ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ, ജഡ്ജ് ജൂലി മാത്യു, പോലീസ് ക്യാപ്റ്റൻ മനോജ് പൂപ്പാറയിൽ തുടങ്ങിയവരുടെ സാന്നിധ്യം ഫെസ്റ്റിന്റെ മാറ്റു കൂട്ടി
തുടർന്ന് ഹൂസ്റ്റണിലെ വിവിധ ഇടവകകളിൽ നിന്നുള്ള കലാ പ്രതിഭകൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. ഗാനങ്ങളും നൃത്തങ്ങളും ലൈവ് ബാൻഡും മറ്റ് കലാവിരുന്നുകളും സദസ്സിന് ആസ്വാദ്യകരമായ അനുഭവമായി. വിവിധ സഭകളുടെ പങ്കാളിത്തം ഫെസ്റ്റിനെ ഒരു യഥാർത്ഥ എക്യുമെനിക്കൽ സംഗമമാക്കി മാറ്റി.
ഫെസ്റ്റിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു “ദി റിഡീമർ” എന്ന മലയാളം ബൈബിൾ നാടകം. മെവിൻ ജോണിന്റെ രചനയിലും സംവിധാനത്തിലും 40-ലധികം കലാകാരന്മാർ അണിനിരന്ന നാടകം ക്രിസ്തുവിന്റെ വീണ്ടെടുപ്പിന്റെ സന്ദേശം ശക്തമായി അവതരിപ്പിച്ചു. മികച്ച അഭിനയവും സംവിധാനവും അവതരണ മികവും കൊണ്ട് നാടകം സദസ്സിന്റെ പ്രത്യേക പ്രശംസ നേടി.
ഫെസ്റ്റിന്റെ ഭാഗമായി സ്പോൺസർമാരെ ആദരിക്കുകയും ജീവകാരുണ്യ പ്രവർത്തനത്തിനായുള്ള സംഭാവന പ്രഖ്യാപനം നടത്തുകയും ചെയ്തു. ICECH വൈസ് പ്രസിഡന്റ് റവ. ഫാ. ഡോ. ബിന്നി ഫിലിപ്പ് സ്പോൺസർ അംഗീകാര ചടങ്ങിനും ചാരിറ്റി സംഭാവന പ്രഖ്യാപനത്തിനും നേതൃത്വം നൽകി.
രഞ്ജു രാജ്, സുനിൽ കോര & പ്രിയൻ ജേക്കബ്,ജെയിംസ് ഊലുട്ട്, മഗേഷ് മാത്യു ,ജെയിംസ് ഈപ്പൻ, ഷിജോ ചാണ്ടപ്പിള്ള, ബിനു അലക്സ്, ക്രിസ്റ്റിൻ കല്ലേൽ ഇടക്കുന്നത്ത് അഭിലാഷ് ഡേവിഡ്സൺ & സാജൻ കുളങ്ങര , ജോർജ് കുട്ടി വടക്കേകൂറ്റ്, ജീമോൻ റാന്നി ജോയൽ ജേക്കബ്, “എന്റെ വീട്” ടീം, മൈസൂർ തമ്പി, രാജൻ അങ്ങാടിയിൽ ,ജോജി ജോസഫ് , മൈക്കിൾ തോമസ് എന്നിവർ സ്പോൺസർമാരായി ഫെസ്റ്റിന്റെ വിജയത്തിനായി സഹായിച്ചു.
വിവിധ സഭകളുടെയും സംഘടനകളുടെയും സഹകരണത്തോടെയും നിരവധി സ്പോൺസർമാരുടെ പിന്തുണയോടെയും സംഘടിപ്പിച്ച ഫെസ്റ്റ്, മതസൗഹാർദ്ദത്തിന്റെയും സഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും മനോഹരമായ വേദിയായി മാറി.
ഫെസ്റ്റ് കൺവീനർ ജീമോൻ റാന്നി നന്ദി രേഖപ്പെടുത്തി. സമാപന പ്രാർത്ഥനയും ആശീർവാദവും അനുഗ്രഹീതമായ അന്തരീക്ഷത്തിൽ നടന്നു.
“ഒരുമയിൽ വിശ്വാസം, സൗഹൃദത്തിൽ ശക്തി” എന്ന സന്ദേശം പകർന്നുകൊണ്ട് പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചു.
സെന്നി & എവ്‌ലിൻ (ഹൂസ്റ്റൺ വോയിസ് by SO), ബാബു കലീന എന്നിവർ വീഡിയോ – ഫോട്ടോഗ്രാഫിക്ക് നേതൃത്വം നൽകി. “സൗണ്ട് വേവ്സ് ഡിജിറ്റൽ” സൗണ്ട്സ് ആൻഡ് ലൈറ്റ് നിയന്ത്രിച്ചു.
ഫെസ്റ്റിന്റെ വിജയത്തിനായി റവ.ഫാ.ഡോ ഐസക് പ്രകാശ് (പ്രസിഡണ്ട്), റവ.ഫാ. ഡോ. ബിന്നി ഫിലിപ്പ്, ഷാജൻ ജോർജ് (സെക്രട്ടറി) രാജൻ അങ്ങാടിയിൽ (ട്രഷറർ) ജീമോൻ റാന്നി ( കൺവീനർ) മിൽറ്റ മാത്യു ( പ്രോഗ്രാം കോർഡിനേറ്റർ) ജിനോ ജേക്കബ് (സ്പോർട്സ്) തോമസ് വർക്കി (മൈസൂർ തമ്പി, ഫുഡ് ) തുടങ്ങിയവരുടെ നേതൃത്വത്തിൽ നിരവധി കമ്മിറ്റികളാണ് പ്രവർത്തിച്ചു വന്നത്.
സ്നേഹവും സൗഹൃദവും പങ്കുവെച്ച് ഒരുമയുടെ സന്ദേശം ഉയർത്തിപ്പിടിച്ച ഹൂസ്റ്റണിലെ വിവിധ ക്രൈസ്തവ സഭകളെ ഒരേ വേദിയിൽ അണിനിരത്തിയ പ്രഥമ എക്യുമെനിക്കൽ ഫെസ്റ്റ്,ഹ്യൂസ്റ്റണിലെ ഇന്ത്യൻ ക്രൈസ്തവ സമൂഹത്തിനും പൊതു സമൂഹത്തിനും മറക്കാനാവാത്ത അനുഭവമായി മാറി. “ഒരുമയിൽ ആഘോഷം, സ്നേഹത്തിൽ ശുശ്രൂഷ” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് പ്രഥമ എക്യുമെനിക്കൽ ഫെസ്റ്റിന് തിരശ്ശീല വീണത്.
The Ecumenical Fest 2026, organized by the Indian Christian Ecumenical Community (ICECH)—a joint fellowship of 20 parishes from various churches in Houston—was a remarkable event, distinguished by a variety of cultural programs, spiritual experiences, and a spirit of fellowship.














