ഫോർട്ട് ഹുഡ് കൂട്ടക്കൊലക്കേസ് പ്രതി നിദാൽ ഹസന്റെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; ശിക്ഷ ഫയറിംഗ് സ്ക്വാഡ് മുഖേന

വാഷിംഗ്ടൺ: യു.എസിലെ ഫോർട്ട് ഹുഡ് സൈനിക താവളത്തിൽ 13 പേരെ വെടിവെച്ചുകൊന്ന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ ആർമി മേജർ നിദാൽ ഹസന്റെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും. ഡിസംബർ 3-ന് അദ്ദേഹം ആക്രമണം നടത്തിയ അതേ സൈനിക താവളത്തിൽ വെച്ചായിരിക്കും ശിക്ഷ നടപ്പാക്കുകയെന്ന് പെന്റഗൺ വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിയെ ഫയറിംഗ് സ്ക്വാഡ് (വെടിവെപ്പ് സംഘം) മുഖേന വധിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഉത്തരവിട്ടത്.

1961-ന് ശേഷം യു.എസ് സൈന്യം നടപ്പാക്കുന്ന ആദ്യ വധശിക്ഷയാണിത്. കൂടാതെ, 1945-ന് ശേഷം സൈന്യം ഫയറിംഗ് സ്ക്വാഡ് രീതി ഉപയോഗിച്ചിട്ടില്ലാത്തതിനാൽ ഇതിനായി പുതിയ മാർഗ്ഗരേഖകൾ അടിയന്തിരമായി തയ്യാറാക്കുകയാണ്. ഹസൻ ആക്രമണം നടത്തിയ സ്ഥലമായതിനാലാണ് ഫോർട്ട് ഹുഡ് തന്നെ ഇതിനായി തിരഞ്ഞെടുത്തതെന്നും, അന്ന് വെടിവെപ്പ് ആരംഭിച്ച അതേ സമയത്തോട് അനുബന്ധിച്ച് ഉച്ചയ്ക്ക് ഒരു മണിയോടെ ശിക്ഷ നടപ്പാക്കുമെന്നും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് വ്യക്തമാക്കി. തത്സമയ സംപ്രേഷണത്തിലൂടെ ഇരകളുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മരണകാരണമാകുന്ന വിഷം കുത്തിവെച്ച് ശിക്ഷ നടപ്പാക്കാനായിരുന്നു ‘ഓപ്പറേഷൻ റെസല്യൂട്ട് ജസ്റ്റിസ്’ എന്ന പേരിൽ സൈന്യം മാസങ്ങളായി പദ്ധതിയിട്ടിരുന്നത്. എന്നാൽ, ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്റ്റ പൈക്ക് എന്ന പ്രതി വിഷം കുത്തിവെച്ചിട്ടും മരിക്കാതെ രക്ഷപ്പെട്ട സംഭവത്തിന് തൊട്ടുപിന്നാലെയാണ് ട്രംപ് ഫയറിംഗ് സ്ക്വാഡ് രീതിക്ക് അനുമതി നൽകിയത്. ഇത് സൈന്യത്തിന്റെ ആസൂത്രണങ്ങളെയാകെ മാറ്റിമറിച്ചു.

അതേസമയം, വധശിക്ഷ ഇത്രയും വേഗത്തിൽ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ ഹസന്റെ സിവിൽ അഭിഭാഷകനായ ജോൺ ഗാലിഗൻ രംഗത്തെത്തി. നിലവിൽ കൻസാസിലെ ഫോർട്ട് ലീവൻവർത്ത് ജയിലിൽ കഴിയുന്ന ഹസൻ, അന്ന് കീഴടങ്ങുന്നതിനിടെയേറ്റ പരിക്കുകൾ കാരണം പൂർണ്ണമായി തളർന്ന് വീൽചെയറിലാണ്. ഇങ്ങനെയുള്ള ഒരു പ്രതിയെ ഇത്രയും ദൂരം യാത്ര ചെയ്യിക്കുന്നതിലെ ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള തീരുമാനം നീതിന്യായ വ്യവസ്ഥിതിയിലുള്ള വിശ്വാസ്യത തകർക്കുമെന്നും ഇതൊരു ‘രാഷ്ട്രീയ നാടകം’ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. സുപ്രീം കോടതി മുൻപ് ഹസന്റെ അപ്പീൽ തള്ളിയിരുന്നെങ്കിലും ഫെഡറൽ കോടതിയിൽ ‘ഹേബിയസ് കോർപ്പസ്’ ഹർജി നൽകി വധശിക്ഷ നീട്ടിവെയ്ക്കാനുള്ള സാധ്യതകൾ തേടുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.

1959-ലെ പഴയ സൈനിക നിയമങ്ങൾ അനുസരിച്ച്, എട്ടംഗ റൈഫിൾ സംഘമായിരിക്കും വധശിക്ഷ നടപ്പാക്കുക. പ്രതിയിൽ നിന്നും 15 അടി മാറി നിൽക്കുന്ന സംഘത്തിലെ ചിലരുടെ തോക്കുകളിൽ മാത്രമായിരിക്കും യഥാർത്ഥ തോട്ടകൾ ഉണ്ടാവുക. ചിഹ്നങ്ങളില്ലാത്ത സൈനിക യൂണിഫോം ധരിപ്പിച്ച പ്രതിക്ക് അവസാന ആഗ്രഹങ്ങൾ പ്രകടിപ്പിക്കാൻ അവസരം നൽകും. തുടർന്ന് മുഖം മൂടിയ ശേഷം ഹൃദയത്തിന് നേരെ ലക്ഷ്യം അടയാളപ്പെടുത്തിയായിരിക്കും വെടിയുതിർക്കുക. ഈ രീതികൾ കാലാനുസൃതമായി പരിഷ്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് സൈനിക വക്താക്കൾ.

The execution of Fort Hood mass shooting convict Nidal Hasan will be broadcast live; the sentence will be carried out by a firing squad.

More Stories from this section

family-dental
witywide