
മിഡിൽടൗൺ (അയോവ): ഗ്രാമീണ അയോവയിലെ സൈനിക വെടിക്കോപ്പ് നിർമ്മാണശാലയിൽ സൂക്ഷിച്ചിരിക്കുന്ന ഏകദേശം അഞ്ച് ടണ്ണോളം ‘ലെഡ് അസൈഡ്’ എന്ന അതീവ പ്രഹരശേഷിയുള്ള സ്ഫോടകവസ്തു നിയന്ത്രിത സ്ഫോടനത്തിലൂടെ നശിപ്പിക്കാൻ യു.എസ് സൈന്യം ഒരുങ്ങുന്നു. ബുധനാഴ്ച രാവിലെ ഒൻപത് മണിക്ക് നടക്കാനിരിക്കുന്ന സ്ഫോടനത്തിന് മുന്നോടിയായി, പ്രദേശത്ത് ഗുരുതരമായ ആരോഗ്യ-പരിസ്ഥിതി ഭീഷണി നിലനിൽക്കുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്ന് അയോവ ഗവർണർ കിം റെയ്നോൾഡ്സ് മൂന്ന് കൗണ്ടികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
മിഡിൽടൗണിലെ അയോവ ആർമി അമ്മ്യൂണിഷൻ പ്ലാന്റിൽ സൂക്ഷിച്ചിരിക്കുന്ന 9,700 പൗണ്ടോളം വരുന്ന ലെഡ് അസൈഡ് അതീവ അപകടകരമായ അവസ്ഥയിലാണെന്നാണ് സൈന്യത്തിന്റെ വിശദീകരണം. ചെറിയൊരു ഘർഷണമോ താപമോ ഏറ്റാൽ പോലും പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതിനാൽ ഇവ മറ്റൊരിടത്തേക്ക് മാറ്റുന്നത് അസാധ്യമാണ്. മാസങ്ങൾ നീണ്ട പഠനത്തിനൊടുവിലാണ് ഇത് ഉള്ളിടത്തുവെച്ച് തന്നെ നശിപ്പിക്കാൻ തീരുമാനിച്ചതെന്ന് യു.എസ് ആർമി സസ്റ്റെയ്ൻമെന്റ് കമാൻഡ് മേജർ ജനറൽ എറിക് ഷെർലി വ്യക്തമാക്കി.
അതേസമയം, സ്ഫോടനം തടയണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകൾ കഴിഞ്ഞ ആഴ്ച കോടതിയെ സമീപിച്ചിരുന്നു. സ്ഫോടനം ജനങ്ങളുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും ഗുരുതരമായി ബാധിക്കുമെന്നാണ് ഇവരുടെ വാദം.
സ്ഫോടനത്തിലൂടെ ലെഡ് അസൈഡ് വിഘടിക്കുമെങ്കിലും അതിലടങ്ങിയിരിക്കുന്ന ‘ലെഡ്’ (ഈയം) അന്തരീക്ഷത്തിൽ നിന്ന് അപ്രത്യക്ഷമാകില്ല. സ്ഫോടനത്തെത്തുടർന്നുണ്ടാകുന്ന പൊടിപടലങ്ങളിലൂടെ വിഷാംശമുള്ള ലെഡ്, നൈട്രജൻ ഓക്സൈഡ് വാതകങ്ങൾ പുറന്തള്ളപ്പെടും. ശ്വസിക്കുന്നതിലൂടെയോ ഭക്ഷണത്തിലൂടെയോ ലെഡ് ഉള്ളിൽ ചെന്നാൽ അത് തലച്ചോറ്, വൃക്ക, കരൾ, പ്രത്യുൽപ്പാദന വ്യവസ്ഥ എന്നിവയെ തകരാറിലാക്കുമെന്ന് എ.ബി.സി ന്യൂസ് മെഡിക്കൽ കറസ്പോണ്ടന്റ് ഡോ. ഡാരിയൻ സട്ടൺ മുന്നറിയിപ്പ് നൽകുന്നു.
ശരീരത്തിലെത്തുന്ന ലെഡ് എല്ലുകളിലും അവയവങ്ങളിലും അടിഞ്ഞുകൂടുകയും വർഷങ്ങൾക്ക് ശേഷം രക്തത്തിൽ കലർന്ന് ഗുരുതര രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യും. മണ്ണിലും ജലസ്രോതസ്സുകളിലും കലരുന്ന ലെഡ് വർഷങ്ങളോളം നശിക്കാതെ നിലനിൽക്കുന്നത് കുടിവെള്ളത്തെയും കൃഷിയെയും ബാധിക്കുമെന്നും ആശങ്കയുണ്ട്. ലെഡിന്റെ നേരിയ അളവ് പോലും മനുഷ്യശരീരത്തിന് സുരക്ഷിതമല്ല.
സ്ഫോടനത്തിന്റെ ആഘാതവും പൊടിപടലങ്ങളും കുറയ്ക്കുന്നതിനായി വാട്ടർ വാൾ, ഫോം ബാരിയറുകൾ, ജെൽ ബ്ലോക്കുകൾ എന്നിവ സജീകരിച്ചിട്ടുണ്ടെന്ന് ആക്ടിംഗ് ആർമി സെക്രട്ടറി ആദം ടെല്ലെ അറിയിച്ചു.
എങ്കിലും മുൻകരുതൽ എന്ന നിലയിൽ മിഡിൽടൗൺ പ്രദേശവാസികളോട് ചൊവ്വാഴ്ച തന്നെ വീടൊഴിഞ്ഞു പോകാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കുട്ടികളും ഗർഭിണികളും നിർബന്ധമായും മാറിനിൽക്കണം. വെള്ളിയാഴ്ച വരെയെങ്കിലും ഇവർ മാറിനിൽക്കേണ്ടി വരും. ഡെസ് മോയിൻസ്, ലീ, വാൻ ബ്യൂറൻ എന്നീ കൗണ്ടികളിലാണ് ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദേശം 150-ഓളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനും സഹായങ്ങൾ നൽകുന്നതിനുമായി 100 നാഷണൽ ഗാർഡ് സൈനികരെ വിന്യസിച്ചിട്ടുണ്ട്. അപകടഭീഷണി ഒഴിഞ്ഞതായി സൈന്യത്തിന്റെ അറിയിപ്പ് ലഭിച്ച ശേഷം മാത്രമേ താമസക്കാർക്ക് വീടുകളിലേക്ക് മടങ്ങാൻ സാധിക്കുകയുള്ളൂ.
U.S. military prepares to destroy five tons of explosives in Iowa; warning issued of a severe health threat, state of emergency declared in three counties.















