‘അനീതിയുടെ രാജാവ്’; യൂറോപ്യൻ പാർലമെന്റിനു മുന്നിൽ ഡോണൾഡ് ട്രംപിന്റെ സ്വർണം പൂശിയ നഗ്ന പ്രതിമ സ്ഥാപിച്ചു

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നഗ്ന പ്രതിമ ഫ്രാൻസിലെ സ്ട്രാസ്ബൂറിലുള്ള യൂറോപ്യൻ പാർലമെന്റിനു മുന്നിൽ അനാച്ഛാദനം ചെയ്തു. ഡാനിഷ് കലാകാരനായ ജെൻസ് ഗൽഷിയോ നിർമിച്ച എട്ടടി ഉയരമുള്ള ഈ പ്രതിമയ്ക്ക് ‘ദ് ഓറഞ്ച് പ്ലേഗ്’ എന്നാണ് പേരിട്ടിരിക്കുന്നത്. 23 കാരറ്റ് സ്വർണം പൂശി നിർമിച്ച ശിൽപത്തിന്റെ ഒരു കയ്യിൽ ഗോൾഫ് ക്ലബ്ബും മറുകയ്യിൽ തുലാസുമുണ്ട്. ലോകത്തിന്റെ ആകൃതിയിലുള്ള ബോളിന് മുകളിൽ ഒരു ചെറിയ മനുഷ്യന്റെ തോളിലേറി ട്രംപ് നിൽക്കുന്ന രീതിയിലാണ് പ്രതിമ രൂപകൽപന ചെയ്തിരിക്കുന്നത്.

‘അനീതിയുടെ രാജാവ്’ എന്ന പരിഹാസരൂപേണയുള്ള ടൈറ്റിലാണ് പ്രതിമയ്ക്ക് നൽകിയിട്ടുള്ളത്. “ഞാൻ ഒരു മനുഷ്യന്റെ ചുമലിൽ ഇരിക്കുന്നു, എന്റെ ഭാരം കാരണം ഇയാൾ വീഴാറായി; അയാളെ സഹായിക്കുന്നതിനായി, അവന്റെ പുറത്തുനിന്ന് ഇറങ്ങുന്നതൊഴികെ ഞാൻ എന്തും ചെയ്യും” എന്ന വാക്കുകളും പ്രതിമയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്. രാഷ്ട്രീയത്തെ കലയിലൂടെ വിമർശിക്കുന്നതിൽ പ്രശസ്തനായ ജെൻസ് ഗൽഷിയോ, ട്രംപിന്റെ വിദേശ-ഹരിത നയങ്ങളോടുള്ള കടുത്ത എതിർപ്പാണ് ഈ ശിൽപത്തിലൂടെ പ്രകടമാക്കിയിരിക്കുന്നത്. ലോകക്രമത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാനുള്ള കൂട്ടായ ശ്രമങ്ങൾക്കുമുള്ള ഏറ്റവും വലിയ ഭീഷണിയാണ് ഡോണൾഡ് ട്രംപെന്ന് ഗൽഷിയോ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

യൂറോപ്യൻ പാർലമെന്റിലെ ഡാനിഷ് അംഗമായ പെർ ക്ലോസെനാണ് ഈ പ്രതിമ സ്പോൺസർ ചെയ്തിരിക്കുന്നത്. ഈ പ്രതിമയെ സഹിക്കാൻ കഴിയാത്തവിധം തൊലിക്കട്ടി കുറഞ്ഞവരുണ്ടെങ്കിൽ അവരെ യൂറോപ്യൻ പാർലമെന്റിൽനിന്ന് പുറത്താക്കണമെന്നും അങ്ങനെയുള്ളവർക്ക് ലോകവേദിയിൽ സ്ഥാനമുണ്ടാവില്ലെന്നും പെർ ക്ലോസെൻ അഭിപ്രായപ്പെട്ടു.

‘The King of Injustice’: Gold-Plated Naked Statue of Donald Trump Unveiled Outside European Parliament

More Stories from this section

family-dental
witywide