
വാഷിംഗ്ടൺ: താങ്ക്സ്ഗിവിംഗ് അവധിക്കാല യാത്രാത്തിരക്കിനിടെ ഡെൽറ്റ എയർലൈൻസിന്റെ ബാഗേജ് സംവിധാനത്തിലുണ്ടായ വ്യാപകമായ നെറ്റ്‌വർക്ക് തകരാർ അമേരിക്കയിലുടനീളം വിമാന സർവീസുകളെ സാരമായി ബാധിച്ചു. സാങ്കേതിക തകരാറിനെത്തുടർന്ന് യാത്രക്കാരുടെ ബാഗുകൾ ജീവനക്കാർ നേരിട്ട് കൈകാര്യം ചെയ്യേണ്ടി വന്നതോടെ 1,900-ലധികം വിമാനങ്ങൾ വൈകുകയും 200-ലധികം സർവീസുകൾ റദ്ദാക്കുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ സാങ്കേതിക തകരാർ പരിഹരിച്ചതായി എയർലൈൻസ് ഞായറാഴ്ച അറിയിച്ചു.
വിമാനങ്ങൾ പുറപ്പെടുന്നതിന് മുൻപുള്ള ഭാരവും സന്തുലിതാവസ്ഥയും കണക്കാക്കുന്ന ഓട്ടോമേഷൻ സംവിധാനത്തിലുണ്ടായ തകരാറാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതേത്തുടർന്ന് ഡെൽറ്റയുടെ പ്രധാന കേന്ദ്രമായ അറ്റ്ലാന്റയിലെ ഹാർട്ട്സ്ഫീൽഡ്-ജാക്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി താൽക്കാലിക ഗ്രൗണ്ട് ഡിലേ പ്രോഗ്രാം ഏർപ്പെടുത്തിയിരുന്നു. പിന്നീട് ഇത് പിൻവലിച്ചു.
യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഡെൽറ്റ എയർലൈൻസ് ക്ഷമാപണം നടത്തി. യാത്ര മുടങ്ങിയവർക്ക് അടുത്ത ലഭ്യമായ വിമാനങ്ങളിൽ ടിക്കറ്റ് മാറ്റി നൽകുന്നുണ്ടെന്നും, ആവശ്യമായവർക്ക് ഭക്ഷണവും ഹോട്ടൽ മുറികളും ഒരുക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്ര വേണ്ടെന്നുവെക്കുന്നവർക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്നും എയർലൈൻസ് വ്യക്തമാക്കി.
ഞായറാഴ്ച വൈകുന്നേരം വരെയുള്ള കണക്കുകൾ പ്രകാരം അമേരിക്കയിൽ നിന്ന് പുറപ്പെടേണ്ട 202 ഡെൽറ്റ വിമാനങ്ങളാണ് റദ്ദാക്കിയത്. സാധാരണഗതിയിൽ 80 ശതമാനത്തിലധികം വിമാനങ്ങൾ കൃത്യസമയത്ത് സർവീസ് നടത്തുന്ന ഡെൽറ്റയുടെ 50 ശതമാനം വിമാനങ്ങൾക്ക് മാത്രമാണ് ഞായറാഴ്ച കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താനായത്. ഫ്ലൈറ്റ് അവെയർ കണക്കുകൾ പ്രകാരം വൈകിയ 1,900-ലധികം വിമാനങ്ങളിൽ 70 ശതമാനവും ഈ സാങ്കേതിക തകരാർ മൂലമാണ് വൈകിയത്. ബാക്കിയുള്ളവ ന്യൂയോർക്കിലെയും വടക്കുകിഴക്കൻ യു.എസിലെയും മോശം കാലാവസ്ഥയും എയർ ട്രാഫിക് കൺട്രോൾ നിയന്ത്രണങ്ങളും മൂലമാണ് വൈകിയതെന്ന് കമ്പനി വിശദീകരിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച യുണൈറ്റഡ് എയർലൈൻസിനും സമാനമായ സാങ്കേതിക തകരാർ നേരിടുകയും 90 മിനിറ്റോളം വിമാനങ്ങൾ പിടിച്ചിടുകയും ചെയ്തിരുന്നു. ഈ ആഴ്ച താങ്ക്സ്ഗിവിംഗ് അവധിക്കായി ഏകദേശം 60 ലക്ഷം പേർ ആഭ്യന്തര വിമാനയാത്ര നടത്തുമെന്നാണ് അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷന്റെ വിലയിരുത്തൽ.











