വാഷിങ്ടൺ: എൻവിഡിയ സിഇഒ സ്ഥാനത്തേക്ക് ജെൻസൺ ഹുവാങ് തിരിച്ചെത്തുന്നതിനെ സ്വാഗതം ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹുവാങ്ങിനെ വീണ്ടും നിയമിക്കാനുള്ള എൻവിഡിയ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ തീരുമാനം നീതിയുക്തമാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഹുവാങ്ങിന്റെ നേതൃത്വം എൻവിഡിയയ്ക്ക് മാത്രമല്ല, അമേരിക്കൻ സമ്പദ്വ്യവസ്ഥയ്ക്കും ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജെൻസൺ ഹുവാങ് നിയമലംഘനം നടത്തിയതിന് അമേരിക്കൻ സർക്കാരിന്റെ പക്കൽ തെളിവുകളൊന്നുമില്ലെന്നും അറ്റോർണി ജനറൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ട്രംപ് കുറിച്ചു. ഹുവാങ്ങിനെ വീണ്ടും സിഇഒ ആയി നിയമിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ഹുവാങ്ങിന്റെ തിരിച്ചുവരവ് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകില്ലെന്നും ട്രംപ് പറഞ്ഞു. വ്യക്തിപരമായി ഹുവാങ്ങിനെ നന്നായി അറിയാമെന്നും അദ്ദേഹം മികച്ച രാജ്യസ്നേഹിയും ദേശീയ സമ്പത്താണെന്നും ട്രംപ് പ്രശംസിച്ചു.
അമേരിക്കൻ സമ്പദ്വ്യവസ്ഥയ്ക്കും ഓഹരി വിപണിക്കും എൻവിഡിയ നിർണായകമാണെന്നും ഹുവാങ്ങിനെപ്പോലുള്ള പ്രതിഭകളെ രാജ്യം സംരക്ഷിക്കേണ്ടതുണ്ടെന്നും ട്രംപ് നേരത്തെയും അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, ചൈനീസ് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യവസായി ആലീസ് ഹുവാങ്ങുമായുള്ള ജെൻസൺ ഹുവാങ്ങിന്റെ ബന്ധത്തെക്കുറിച്ച് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ അന്വേഷണം തുടരുകയാണ്. ഈ മാസം ആദ്യം വിവാദം പുറത്തുവന്നതിന് പിന്നാലെയാണ് ഹുവാങ് എൻവിഡിയ തലപ്പത്തുനിന്ന് പടിയിറങ്ങിയതെന്നാണ് റിപ്പോർട്ട്.
ആലീസ് ഹുവാങ്ങിനും അവരുടെ ബിസിനസ് പങ്കാളിയായ കാങ് വെയ്ക്കും ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് യുഎസ് അന്വേഷണ ഏജൻസികളുടെ സംശയം. ഇവർ തങ്ങളുടെ കമ്പനികൾ വഴി അനധികൃതമായി ചിപ്പുകൾ ചൈനയിലേക്ക് കടത്തിയതായും അന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്.
എന്നാൽ, ആലീസ് ഹുവാങ് ചൈനീസ് ചാരയാണെന്നതിന് വ്യക്തമായ തെളിവുകളില്ലെന്നാണ് ട്രംപിന്റെ നിലപാട്. അതേസമയം, അമേരിക്കയുടെ കയറ്റുമതി നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എൻവിഡിയ ആഭ്യന്തര അന്വേഷണം തുടരണമെന്നും ട്രംപ് നിർദേശിച്ചു. ചൈനയിലേക്കുള്ള ചിപ്പ് വിൽപ്പനയുമായി ബന്ധപ്പെട്ട് നവംബർ 25-നകം വിശദീകരണം നൽകാൻ യുഎസ് ട്രഷറി വകുപ്പ് എൻവിഡിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്.












