എയർ ട്രാഫിക് കൺട്രോൾ ജീവനക്കാരുടെ ക്ഷാമം; ഷിക്കാഗോ ഒ’ഹെയർ വിമാനത്താവളത്തിൽ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

അനിൽ മറ്റത്തിക്കുന്നേൽ

ഷിക്കാഗോ: അമേരിക്കയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ
ഷിക്കാഗോ ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ട്രാഫിക് കൺട്രോൾ
വിഭാഗത്തിലെ ജീവനക്കാരുടെ അപര്യാപ്തതയെ തുടർന്ന് തിങ്കളാഴ്ച വിമാന
സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി.

ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) ആണ് നവംബർ 23-ന് ഗ്രൗണ്ട്
സ്റ്റോപ്പ് പ്രഖ്യാപിച്ചത്. ചിക്കാഗോ ടെർമിനൽ റഡാർ അപ്രോച്ച് കൺട്രോൾ
വിഭാഗത്തിലെ ജീവനക്കാരുടെ കുറവാണ് നിയന്ത്രണത്തിന് കാരണമായത്.

ഒ’ഹെയറിലേക്ക് പുറപ്പെടേണ്ട വിമാനങ്ങളെ മറ്റ് വിമാനത്താവളങ്ങളിൽ
താൽക്കാലികമായി തടഞ്ഞുവയ്ക്കുകയായിരുന്നു. രാവിലെ ആരംഭിച്ച നിയന്ത്രണം
ഒരു മണിക്കൂറിലധികം നീണ്ടുനിന്നശേഷം പിൻവലിച്ചു. തുടർന്ന് വിമാന സർവീസുകൾ
പുനരാരംഭിച്ചു.

അമേരിക്കയിൽ താങ്ക്സ്ഗിവിങ് അവധിക്കാല യാത്രാത്തിരക്ക്
ആരംഭിച്ചിരിക്കുന്ന സമയത്താണ് അപ്രതീക്ഷിത നിയന്ത്രണമുണ്ടായത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ചിക്കാഗോയിലേക്ക് യാത്ര
ചെയ്യുന്നവരുടെ വിമാന സർവീസുകളിൽ ഇതുമൂലം കാലതാമസമുണ്ടായി.

നവംബർ 13-ന് അമേരിക്കയിലുടനീളം വിമാന സർവീസുകളെ ബാധിച്ച സാങ്കേതിക
തകരാറിനെ തുടർന്നുള്ള വ്യാപകമായ ഗ്രൗണ്ട് സ്റ്റോപ്പിന്
ദിവസങ്ങൾക്കുശേഷമാണ് ഒ’ഹെയറിൽ വീണ്ടും നിയന്ത്രണമുണ്ടായത്. എന്നാൽ
തിങ്കളാഴ്ചത്തെ സംഭവത്തിന് കാരണം സാങ്കേതിക തകരാറല്ല, എയർ ട്രാഫിക്
കൺട്രോൾ വിഭാഗത്തിലെ ജീവനക്കാരുടെ കുറവാണ്.

യാത്രാത്തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ എയർ ട്രാഫിക് കൺട്രോൾ
സംവിധാനത്തിലെ ജീവനക്കാരുടെ അപര്യാപ്തത വീണ്ടും ആശങ്ക ഉയർത്തുകയാണ്.

തിങ്കളാഴ്ച ഏർപ്പെടുത്തിയ ഗ്രൗണ്ട് സ്റ്റോപ്പ് പിൻവലിച്ചതായി
റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും യാത്രക്കാർ തങ്ങളുടെ
വിമാനങ്ങളുടെ പുതുക്കിയ സമയവിവരങ്ങൾ പരിശോധിക്കണമെന്ന് നിർദേശിക്കുന്നു.

More Stories from this section

family-dental
witywide