സ്കൂൾ തുറന്ന ദിനം, അട്ടക്കുളങ്ങര ഗവൺമെന്റ് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു; വൻ ദുരന്തം ഒഴിവായി

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങര ഗവൺമെന്റ് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടം നടന്ന സമയത്ത് സ്കൂളിലും കെട്ടിടത്തിനുള്ളിലും ആരും ഉണ്ടായിരുന്നില്ല. സ്കൂൾ സമയം അവസാനിച്ചതിനെ തുടർന്ന് വിദ്യാർഥികളും ജീവനക്കാരും മടങ്ങിയതിനാലാണ് വൻ ദുരന്തം ഒഴിവായത്.

ഓടിട്ട മേൽക്കൂരയുള്ള പഴയ കെട്ടിടമാണ് പൂർണമായും തകർന്നുവീണത്. സർവശിക്ഷ അഭിയാൻ ഓഫീസായാണ് കെട്ടിടം പ്രവർത്തിച്ചിരുന്നത്. ഏകദേശം 30 ജീവനക്കാർ ജോലി ചെയ്യുന്ന ഈ ഓഫീസ് സ്കൂൾ പരിസരത്താണ് പ്രവർത്തിക്കുന്നത്. സംഭവത്തെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം, തകർന്ന കെട്ടിടത്തിന് ആവശ്യമായ ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് ടൗൺ പ്ലാനിങ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ ആരോപിച്ചു. കെട്ടിടം തകർന്നതിന്റെ കാരണം സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.

More Stories from this section

family-dental
witywide