
അബുദാബി: യുഎഇയിലെ സ്കൂളുകളിലെ നടപ്പു അധ്യയന വർഷത്തെ ശീതകാല അവധി തീയതികൾ പ്രഖ്യാപിച്ചു. ഡിസംബർ 14 മുതൽ 2027 ജനുവരി 3 വരെ തുടർച്ചയായി മൂന്നാഴ്ചയാണ് വിദ്യാർഥികൾക്ക് അവധി ലഭിക്കുക. അവധിക്കുശേഷം ജനുവരി 4 തിങ്കളാഴ്ച ക്ലാസുകൾ പുനരാരംഭിക്കും.
ഡിസംബർ 11 വെള്ളിയാഴ്ചയാണ് രണ്ടാം പാദത്തിന് മുമ്പുള്ള അവസാന പ്രവൃത്തിദിനം. ശനി, ഞായർ വാരാന്ത്യ അവധികൾ കൂടി ഉൾപ്പെടുന്നതോടെ വിദ്യാർഥികൾക്ക് തുടർച്ചയായി മൂന്നാഴ്ചത്തെ ഇടവേള ലഭിക്കും.
ദുബായിലെ സ്വകാര്യ സ്കൂളുകളുടെ മേൽനോട്ടം വഹിക്കുന്ന നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിയും (KHDA), ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റിയും (SPEA) സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിച്ച സ്കൂളുകൾക്ക് ഇതേ അവധി തീയതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ പൊതുവിദ്യാലയങ്ങൾക്കായുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അക്കാദമിക് കലണ്ടറിലും ഇതേ തീയതികളാണുള്ളത്.
അതേസമയം, ഏപ്രിലിൽ അധ്യയന വർഷം ആരംഭിക്കുന്ന ഇന്ത്യൻ പാഠ്യപദ്ധതി ഉൾപ്പെടെയുള്ള സ്കൂളുകളിൽ അവധി തീയതികളിൽ മാറ്റമുണ്ടാകാം. അതിനാൽ വിദേശയാത്രകളും മറ്റ് അവധിക്കാല പദ്ധതികളും ആസൂത്രണം ചെയ്യുന്ന രക്ഷിതാക്കൾ കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ ഔദ്യോഗിക അക്കാദമിക് കലണ്ടർ പരിശോധിച്ച് തീയതികൾ ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു.













