ഏഴ് ജില്ലകളിലെ എല്ലാ സർക്കാർ സ്കൂളുകളിലും 30 ശതമാനം സീറ്റ് വർധന; പ്ലസ് വൺ പ്രവേശനത്തിൽ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിൽ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവിറങ്ങി. ഒമ്പത് ജില്ലകളിലാണ് സീറ്റ് വർധന നടപ്പാക്കിയത്. ഏഴ് ജില്ലകളിലെ എല്ലാ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലും 30 ശതമാനം സീറ്റും രണ്ട് ജില്ലകളിൽ 20 ശതമാനം സീറ്റുമാണ് കൂട്ടിയത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകൾക്കും 30 ശതമാനം മാർജിനൽ സീറ്റ് വർധന അനുവദിച്ചു.

കൊല്ലം, തൃശൂർ ജില്ലകളിലെ സർക്കാർ-എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകൾക്ക് 20 ശതമാനം സീറ്റ് വർധനയും അനുവദിച്ചു. കഴിഞ്ഞ വർഷത്തെ മാതൃകയിലാണ് ഇത്തവണയും വർധന നടപ്പാക്കിയത്. നേരത്തെ അനുവദിച്ചിരുന്ന 313 ബാച്ചുകൾ തുടരാനും അനുമതി നൽകി. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ നടപടികളും ആരംഭിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഏകജാലക സംവിധാനമായ ഹയർ സെക്കൻഡറി സെൻട്രലൈസ്ഡ് അഡ്മിഷൻ പ്രോസസ് (എച്ച്.എസ്.സി.എ.പി.) വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജൂൺ 3 വരെ വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. എസ്.എസ്.എൽ.സി. പരീക്ഷയോ മറ്റ് തുല്യതാ പരീക്ഷകളോ വിജയിച്ച വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് അർഹത ഉണ്ടായിരിക്കും.

More Stories from this section

family-dental
witywide