ഡൽഹിയിലെ ജന്തർ മന്തറിൽ അനുമതിയില്ലാതെ പ്രവേശിച്ചെന്ന കേസിൽ സിജെപി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി കോടതി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. കസ്റ്റഡി നീട്ടിയതിനു പിന്നാലെ രാജ്യത്ത് നീതിയില്ലെന്ന് സൗരവ് ദാസ് പ്രതികരിച്ചു. മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെ പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേറ്റാണ് ഇരുവരുടെയും കസ്റ്റഡി നീട്ടിയത്.
“നമ്മൾ അടിയന്തരാവസ്ഥയിലാണ്. നീതിയില്ല. ഇതൊരു പൊലീസ് കോടതിയാണ്. എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ,” പൊലീസ് വാഹനത്തിലിരുന്ന് ദാസ് വിളിച്ചുപറഞ്ഞു. ജന്തർ മന്തറിൽ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് തങ്ങളുടെ ജാമ്യവ്യവസ്ഥകൾ കോടതി തള്ളിയതിന്റെ അടിസ്ഥാനവും അദ്ദേഹം ചോദ്യം ചെയ്തു. ഒക്ടോബർ 11ന് നൽകിയ ജാമ്യബോണ്ടിലെ വ്യവസ്ഥകൾ നേതാക്കൾ ബോധപൂർവം ലംഘിച്ചെന്നും അനുമതിയില്ലാത്ത മേഖലകളിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നത് നിയമത്തോടുള്ള അവഗണനയാണെന്നും ഉത്തരവിൽ പറയുന്നു.
ജന്തർ മന്തർ, കൊണാട്ട് പ്ലേസ് തുടങ്ങിയ ഇടങ്ങളിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യാൻ സിജെപി നേതാക്കൾ സമൂഹമാധ്യമങ്ങൾ ആവർത്തിച്ച് ഉപയോഗിച്ചെന്നാണ് പൊലീസിന്റെ ആരോപണം. സമാധാനലംഘനത്തിനുള്ള സാധ്യത കണക്കിലെടുത്ത് വിഷയം ഗൗരവമായി പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി. ഒക്ടോബർ 13നാണ് ജന്തർ മന്തറിൽ അതിക്രമിച്ചുകയറിയതിന് സൗരവ് ദാസ്, അശുതോഷ് റങ്ക, സഹപ്രവർത്തകൻ അജിൻക്യ ഷിൻഡെ എന്നിവരെ കസ്റ്റഡിയിലെടുത്തത്. പൂട്ടിയ ഗേറ്റ് ചാടിക്കടന്ന് ഇവർ അകത്തുകയറുന്ന ദൃശ്യങ്ങൾ സിജെപി പുറത്തുവിട്ട വിഡിയോയിലുണ്ടായിരുന്നു.
ഷിൻഡെയെ 5,000 രൂപയുടെ ജാമ്യത്തുകയിലും വ്യക്തിഗത ബോണ്ടിലും വിട്ടയച്ചപ്പോൾ ദാസിനെയും റങ്കയെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇരുവരുടെയും അറസ്റ്റിന് പിന്നാലെ ഒക്ടോബർ 16ന് കൊണാട്ട് പ്ലേസിലേക്ക് പോകുന്നതിനിടെ സിജെപി നേതാവ് അഭിജീത് ദിപ്കെയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അന്ന് സെൻട്രൽ പാർക്കിൽ ‘ലഹ്റാ ദോ തിരംഗ’ മാർച്ച് നടത്താനായിരുന്നു സിജെപിയുടെ ആഹ്വാനം. അടുത്ത ദിവസം ദിപ്കെയെ വ്യവസ്ഥകളോടെ ജാമ്യത്തിൽ വിട്ടു. ഒരു വർഷത്തേക്ക് സമാധാനലംഘനം ഉണ്ടാകരുതെന്നതായിരുന്നു പ്രധാന വ്യവസ്ഥ.
There is no justice’: CJP’s Saurav Das as court extends his judicial custody













