
വാഷിംഗ്ടൺ: അമേരിക്കയിലെ മേരിലാൻഡിൽ ജനവാസ മേഖലയ്ക്ക് സമീപമുള്ള വനത്തിൽ ചെറുവിമാനം തകർന്നുവീണ് മൂന്ന് പേർ മരിച്ചു. പൈലറ്റും രണ്ട് യാത്രക്കാരുമുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന മൂന്ന് പുരുഷന്മാരാണ് അപകടത്തിൽ മരണപ്പെട്ടതെന്ന് മേരിലാൻഡ് സ്റ്റേറ്റ് പൊലീസ് സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രി 11:30 ഓടെയാണ് അപകടമുണ്ടായത്. ന്യൂജേഴ്‌സിയിലെ ഓഷ്യൻ സിറ്റിയിൽ നിന്ന് മേരിലാൻഡിലെ മോണ്ട്ഗോമറി കൗണ്ടി എയർപാർക്കിലേക്ക് പറക്കുകയായിരുന്ന പൈപ്പർ ചെറോക്കി എന്ന സിംഗിൾ എൻജിൻ വിമാനമാണ് തകർന്നത്. വിമാനം പറന്നുയർന്ന് 15 മിനിറ്റുകൾക്കകം മേരിലാൻഡിലെ ബോവിയിലുള്ള ആർച്ചർ പാർക്കിലെ വനമേഖലയിൽ പതിക്കുകയായിരുന്നു.
വിമാനം തകർന്നുവീണ വിവരം പുറംലോകം അറിഞ്ഞത് വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രികൻ്റെ ഐഫോണിലെ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ വഴി എമർജൻസി സർവീസുകളിലേക്ക് സന്ദേശം പോയതിനാലാണ്. കൺട്രോൾ ടവറുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയും ദൃക്‌സാക്ഷികൾ ഇല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഈ അലർട്ട് മാത്രമാണ് രക്ഷാപ്രവർത്തകർക്ക് സഹായകരമായത്. അലർട്ട് ലഭിച്ച ഉടൻ തന്നെ പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ ടീമുകൾ ഉൾപ്പെടെ വൻ സന്നാഹം സ്ഥലത്തെത്തി വ്യോമ-ഭൂതല തിരച്ചിൽ ആരംഭിച്ചു. ഞായറാഴ്ച പുലർച്ചെ 3:45 ഓടെയാണ് വനത്തിനുള്ളിൽ വിമാനാവശിഷ്ടങ്ങൾ കണ്ടെത്താനായത്.
ഒരു ടൗൺഹോം റെസിഡൻഷ്യൽ കമ്മ്യൂണിറ്റിക്കും കുട്ടികളുടെ കളിസ്ഥലത്തിനും തൊട്ടടുത്താണ് വിമാനം തകർന്നുവീണത്. എങ്കിലും ജനവാസ മേഖലയിൽ ആർക്കും പരിക്കേൽക്കാത്തതിനാൽ വലിയൊരു ദുരന്തം ഒഴിവായി. വിമാനത്തിലുണ്ടായിരുന്ന മൂന്ന് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ഇവരുടെ വിവരങ്ങൾ ബന്ധുക്കളെ അറിയിച്ചതിന് ശേഷം മാത്രമേ പുറത്തുവിടുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.മോണ്ട്ഗോമറി കൗണ്ടിയിലെ ഒരു പ്രാദേശിക ഫ്ലൈറ്റ് സ്കൂളിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഈ വിമാനമെന്നും ഇതൊരു പരിശീലന പറക്കലായിരുന്നുവെന്നുമാണ് പ്രാഥമിക നിഗമനം. അപകടത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്താൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Three dead in small plane crash in Maryland; iPhone alert alerted rescuers















