ട്രംപിന്റെ വിശ്വസ്ത നതാലി ഹാർപ്പിനെ ലക്ഷ്യമിട്ട് ഡെമോക്രാറ്റിക് സെനറ്റർ; അതിരുകടന്ന വാക്കുകളിൽ വിവാദ കൊടുങ്കാറ്റ്, തിരിച്ചടിച്ച് പ്രസിഡന്‍റ്

വാഷിംഗ്ടൺ: ഡോണൾഡ് ട്രംപിന്റെ വിശ്വസ്തയും എക്സിക്യൂട്ടീവ് അസിസ്റ്റന്റുമായ നതാലി ഹാർപ്പിനെ ലക്ഷ്യമിട്ട് ഡെമോക്രാറ്റിക് സെനറ്റർ ജോൺ ഓസോഫ് നടത്തിയ പരാമർശങ്ങൾ അമേരിക്കൻ രാഷ്ട്രീയത്തിൽ വൻ കൊടുങ്കാറ്റ് ഉയർത്തുന്നു. അറ്റ്‌ലാന്റയിൽ നടന്ന റാലിയിലാണ് ട്രംപിന്റെ ഭരണരീതിയെയും വ്യക്തിപരമായ ഇടപെടലുകളെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് പ്രമുഖ ഡെമോക്രാറ്റിക് നേതാവായ ഓസോഫ് രംഗത്തെത്തിയത്. ട്രംപിന് രാജ്യത്തെ നയിക്കാൻ ഒട്ടും താല്പര്യമില്ലെന്നും, തന്റെ എക്സിക്യൂട്ടീവ് അസിസ്റ്റന്റുമൊത്ത് സമയം ചെലവഴിക്കാനും പുതിയ ബാൾറൂം നിർമ്മിക്കാനുമാണ് അദ്ദേഹം താല്പര്യപ്പെടുന്നതെന്നും ഓസോഫ് പരിഹസിച്ചു.

ഓസോഫിന്റെ വ്യക്തിപരമായ അധിക്ഷേപങ്ങൾക്കെതിരെ ശക്തമായ ഭാഷയിലാണ് വൈറ്റ് ഹൗസ് പ്രതികരിച്ചത്. ഓസോഫ് തികഞ്ഞ തോൽവിയാണെന്നും രാജ്യത്തെയും രാജ്യസേവകരെയും അധിക്ഷേപിക്കുന്ന നിലപാടാണ് അദ്ദേഹത്തിന്റേതെന്നും വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ച്യുങ് തിരിച്ചടിച്ചു. ഓസോഫിന്റേത് തികച്ചും വ്യക്തിപരമായ കടന്നാക്രമണമാണെന്ന് വൈറ്റ് ഹൗസ് വക്താവ് ഡേവിസ് ഇംഗ്ലും കുറ്റപ്പെടുത്തി.

അതേസമയം, വിവാദങ്ങളോട് പ്രതികരിച്ച ട്രംപ്, ബാൾറൂമിനേക്കാൾ വലിയ മികച്ച സൗകര്യങ്ങളാണ് വൈറ്റ് ഹൗസിൽ നിർമ്മിക്കുന്നതെന്ന് വ്യക്തമാക്കുകയും ഓസോഫിന്റെ പരാമർശങ്ങളെ തള്ളിക്കളയുകയും ചെയ്തു. വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ നിർണായക പോരാട്ടം നടക്കുന്ന ജോർജിയ സംസ്ഥാനത്തു നിന്നുള്ള സെനറ്ററാണ് ജോൺ ഓസോഫ്. ട്രംപിന്റെ അടുത്ത അനുയായിയായ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മൈക്ക് കോളിൻസാണ് ഇവിടെ ഓസോഫിന്റെ പ്രധാന എതിരാളി. 2028-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രധാന മുഖമാകാൻ സാധ്യതയുള്ള നേതാവായി വിലയിരുത്തപ്പെടുന്ന ഓസോഫും വൈറ്റ് ഹൗസും തമ്മിലുള്ള ഈ പോര് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ കൂടുതൽ ചൂടുപിടിപ്പിക്കുകയാണ്.