
വാഷിങ്‌ടൺ: വിസാ നടപടികൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള യു.എസ് എംബസികളിലും കോൺസുലേറ്റുകളിലും വിസ അഭിമുഖങ്ങളും മറ്റ് അനുബന്ധ നടപടികളും ട്രംപ് ഭരണകൂടം താൽക്കാലികമായി നിർത്തിവെച്ചു. കുടിയേറ്റ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് അടിയന്തര നടപടിയെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
കോൺസുലർ ഉദ്യോഗസ്ഥർക്കായി ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക പരിശീലന പരിപാടിയെത്തുടർന്നാണ് വിസ സേവനങ്ങൾ തടസ്സപ്പെട്ടിരിക്കുന്നത്. അമേരിക്കയിൽ എത്തിയ ശേഷം അവിടുത്തെ സർക്കാർ ആനുകൂല്യങ്ങളെ ആശ്രയിക്കാൻ സാധ്യതയുള്ള അപേക്ഷകരെ കൃത്യമായി തിരിച്ചറിയാനും, അവരുടെ അപേക്ഷകൾ കൂടുതൽ സൂക്ഷ്മമായി പരിശോധിക്കാനും ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുകയാണ് ഈ അടിയന്തര പരിശീലനത്തിന്റെ ലക്ഷ്യം.
അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നവരുടെ ഇമിഗ്രന്റ് വിസ (ഗ്രീൻ കാർഡ്) നടപടികളെയാണ് ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക. നിലവിൽ വിസ അഭിമുഖത്തിനായി തീയതി ലഭിച്ചിരുന്ന പലർക്കും അപ്പോയിന്റ്മെന്റുകൾ റദ്ദാക്കിയതായും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നുമുള്ള ഔദ്യോഗിക സന്ദേശങ്ങൾ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. സ്റ്റുഡന്റ്, ടൂറിസ്റ്റ് വിസകൾ ഉൾപ്പെടെയുള്ള നോൺ-ഇമിഗ്രന്റ് വിസകളെയും ചിലയിടങ്ങളിൽ ഈ നിയന്ത്രണം ബാധിച്ചിട്ടുണ്ട്.
ഈ പ്രത്യേക പരിശീലനം എത്ര ദിവസം നീണ്ടുനിൽക്കുമെന്നോ, നിർത്തിവെച്ച വിസ സേവനങ്ങൾ എപ്പോൾ പുനരാരംഭിക്കുമെന്നോ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിസ അപേക്ഷകരുടെ യാത്ര അനിശ്ചിതത്വത്തിലാക്കും.
Trump administration temporarily suspends US visa processing; setback for immigrants















