ട്രംപിന്റെ ജനപ്രീതി റെക്കോർഡ് താഴ്ചയിൽ; ഇറാൻ യുദ്ധവും ജീവിതച്ചെലവും കൈകാര്യം ചെയ്യുന്നത് തള്ളി 70 ശതമാനം ആളുകളും, സർവേ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിൻ്റെ ജനപ്രീതി അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും താഴ്ന്ന നിലകളിലൊന്നിലേക്ക് ഇടിഞ്ഞതായി പുതിയ സർവേ. ഉയർന്ന ഇന്ധനവിലയും വർധിച്ചുവരുന്ന ജീവിതച്ചെലവും സംബന്ധിച്ച ജനങ്ങളുടെ ആശങ്കകൾക്കിടെയാണ് ഈ തിരിച്ചടി.

റോയിറ്റേഴ്സും ഇപ്‌സോസും ചേർന്ന് നടത്തിയ സർവേ പ്രകാരം, വൈറ്റ് ഹൗസിലെ ട്രംപിന്റെ പ്രവർത്തനത്തെ 35 ശതമാനം പേർ മാത്രമാണ് അനുകൂലിച്ചത്. ഏപ്രിലിൽ രേഖപ്പെടുത്തിയ 34 ശതമാനത്തിനും ട്രംപിന്റെ ആദ്യ പ്രസിഡൻഷ്യൽ കാലയളവിൽ 2017 ഡിസംബറിൽ രേഖപ്പെടുത്തിയ 33 ശതമാനത്തിനും അടുത്താണ് ഈ നിരക്ക്.

ഇറാനുമായുള്ള യുദ്ധവും ഇന്ധനവില വർധനവും ട്രംപിനെതിരെ വിമർശനം ശക്തമാക്കിയിട്ടുണ്ട്. യുദ്ധം 100 ദിവസം പിന്നിട്ടിട്ടും സമാധാന കരാറിലെത്താൻ സാധിക്കാത്തത് ഭരണകൂടത്തിന് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. അടുത്ത വർഷം ഗ്യാസ് വില കൂടുതൽ ഉയരുമെന്ന് 59 ശതമാനം പേർ അഭിപ്രായപ്പെട്ടു. വില കുറയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചത് 17 ശതമാനം പേർ മാത്രമാണ്. ശേഷിക്കുന്നവർക്ക് വ്യക്തമായ അഭിപ്രായമില്ലെന്ന് സർവേ വ്യക്തമാക്കുന്നു.

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരുന്നു. തുടർന്ന് അമേരിക്കൻ, ഇസ്രയേൽ താൽപര്യങ്ങൾക്കെതിരെ ഇറാൻ തിരിച്ചടിയും നടത്തി. ലോക എണ്ണവിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് അടച്ചതും ആഗോള ഊർജവിലകളെ ബാധിച്ചതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കൻ കുടുംബങ്ങളുടെ ജീവിതച്ചെലവ് നിയന്ത്രിക്കുന്നതിൽ ട്രംപിന്റെ പ്രകടനത്തെ വെറും 22 ശതമാനം പേരാണ് അനുകൂലിച്ചത്. അതേസമയം, 70 ശതമാനം പേർ ഈ വിഷയത്തിൽ ട്രംപിന്റെ സമീപനത്തോട് അതൃപ്തി രേഖപ്പെടുത്തി. മുൻ പ്രസിഡന്റ് ജോ ബൈഡൻ നേടിയിരുന്ന ജനപിന്തുണയുമായി താരതമ്യം ചെയ്യുമ്പോൾ ട്രംപിന്റെ നിലവിലെ റേറ്റിംഗ് കൂടുതൽ ദുർബലമാണെന്നും സർവേ സൂചിപ്പിക്കുന്നു.

അതേസമയം, ഇറാനെതിരായ അമേരിക്കൻ സൈനിക നടപടിയെ 36 ശതമാനം അമേരിക്കക്കാർ പിന്തുണച്ചപ്പോൾ, ആക്രമണത്തിലൂടെ ലഭിച്ച നേട്ടങ്ങൾ അതിനുവേണ്ടി ചെലവഴിച്ച വിലയ്ക്ക് തുല്യമാണെന്ന് 25 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു.

Trump approval near record low, 70% disapprove how he handles cost of living amid Iran war: Survey

More Stories from this section

family-dental
witywide