യൂറോപ്യൻ സഖ്യകക്ഷികളുമായി ഉടക്കി ട്രംപ്; ജർമ്മനിയിൽ നിന്ന് 5,000 സൈനികരെ പിൻവലിക്കും

വാഷിംഗ്ടൺ: ജർമ്മനിയിൽ വിന്യസിച്ചിരിക്കുന്ന അയ്യായിരത്തോളം സൈനികരെ പിൻവലിക്കുമെന്ന് പെൻ്റഗൺ പ്രഖ്യാപിച്ചു. ഇറാൻ വിഷയത്തിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് ഈ നിർണായക നീക്കം.

ഇറാൻ വിഷയത്തിൽ അമേരിക്കയുടെ ഇടപെടലുകളെ ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് രൂക്ഷമായി വിമർശിച്ചിരുന്നു. ചർച്ചകളിൽ ഇറാൻ അമേരിക്കയെ അപമാനിക്കുകയാണെന്ന ചാൻസലറുടെ പരാമർശമാണ് ട്രംപിനെ ചൊടിപ്പിച്ചത്. മെർസിൻ്റെ വാക്കുകൾ “അനുചിതവും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമാണെന്ന്” പെന്റഗൺ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ആറ് മുതൽ പന്ത്രണ്ട് മാസത്തിനുള്ളിൽ 5,000 സൈനികരെ പിൻവലിക്കും. ഇതോടെ ജർമ്മനിയിലെ യുഎസ് സൈനികരുടെ എണ്ണം യുക്രെയ്ൻ യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് മാറും. പുതുതായി നിശ്ചയിച്ചിരുന്ന ലോംഗ് റേഞ്ച് ഫയർ ബറ്റാലിയൻ്റെ വിന്യാസം വേണ്ടെന്ന് വെച്ചു. ഒരു ബ്രിഗേഡ് കോംബാറ്റ് ടീമിനെ പൂർണ്ണമായും പിൻവലിക്കും.

ഹോർമുസ് കടലിടുക്കിൻ്റെ സുരക്ഷയിൽ യൂറോപ്യൻ രാജ്യങ്ങൾ സഹകരിക്കുന്നില്ലെന്നാണ് ട്രംപിൻ്റെ കുറ്റപ്പെടുത്തൽ. എന്നാൽ ഫെബ്രുവരി 28-ന് ഇറാനിൽ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് തങ്ങളോട് ആലോചിച്ചിരുന്നില്ലെന്നാണ് ജർമ്മനിയുടെ നിലപാട്. നിലവിൽ 35,000 യുഎസ് സൈനികരുള്ള ജർമ്മനി യൂറോപ്പിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളമാണ്. ട്രംപിൻ്റെ പുതിയ തീരുമാനം നാറ്റോ സഖ്യത്തിനുള്ളിൽ വലിയ ചർച്ചകൾക്ക് വഴിമാറുകയാണ്. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും ഊർജ്ജ പ്രതിസന്ധിയും നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ, ജർമ്മനിയിൽ നിന്നുള്ള സൈനിക പിന്മാറ്റം അമേരിക്കയും യൂറോപ്പും തമ്മിലുള്ള പ്രതിരോധ ബന്ധത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും.

Trump breaks with European allies; will withdraw 5,000 troops from Germany

More Stories from this section

family-dental
witywide