
വാഷിംഗ്ടൺ: വരാനിരിക്കുന്ന ഇടക്കാല (മിഡ്‌ടേം) തിരഞ്ഞെടുപ്പിലെ തങ്ങളുടെ ആദ്യത്തെ വൻ തുക സംഭാവന ടെക്സസ് സെനറ്റ് സ്ഥാനാർത്ഥി കെൻ പാക്സ്റ്റണ് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിന്റെ ‘മാഗാ ഇൻക്’ സൂപ്പർ പാക്കിൽ (PAC) നിന്ന് 1 കോടി (10 മില്യൺ) ഡോളറാണ് നിലവിലെ ടെക്സസ് അറ്റോർണി ജനറലായ പാക്സ്റ്റന്റെ പ്രചാരണത്തിനായി അനുവദിച്ചത്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജെയിംസ് തലരീക്കോയിൽ നിന്ന് കടുത്ത മത്സരമാണ് പാക്സ്റ്റൺ നേരിടുന്നത്.
ശനിയാഴ്ച ഫെഡറൽ ഇലക്ഷൻ കമ്മീഷൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ലഭിച്ച തുകയിൽ 50 ലക്ഷം ഡോളർ എതിർ സ്ഥാനാർത്ഥിയായ തലരീക്കോയ്ക്കെതിരായ നിഷേധാത്മക പരസ്യങ്ങൾക്കും, ബാക്കി 50 ലക്ഷം ഡോളർ പാക്സ്റ്റന്റെ അനുകൂല പരസ്യങ്ങൾക്കുമായാണ് ചെലവഴിക്കുക. ഡെൽ റേ മീഡിയ എന്ന രാഷ്‌ട്രീയ പരസ്യ ഏജൻസി വഴിയായിരിക്കും ടെലിവിഷൻ, ഡിജിറ്റൽ മാധ്യമങ്ങളിൽ ഈ പ്രചാരണം നടക്കുക.
ഏകദേശം 40 കോടി ഡോളറിന്റെ ഫണ്ട് കൈവശമുണ്ടായിട്ടും ഈ മിഡ്‌ടേം സീസണിൽ മാഗ ഇൻക് നടത്തുന്ന ആദ്യത്തെ വൻകിട സാമ്പത്തിക ഇടപടലാണിത്. ട്രംപിന്റെ പിന്തുണയുള്ള മറ്റ് സാമ്പത്തിക സമിതികൾ പ്രാദേശിക സ്ഥാനാർത്ഥികൾക്ക് പകരം ട്രംപിന്റെ വ്യക്തിഗത പ്രതിച്ഛായ വർദ്ധിപ്പിക്കുന്ന പരസ്യങ്ങൾക്കായി പണം ചെലവഴിക്കുന്നതിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്കിടയിൽ അതൃപ്തി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം. യോഗ്യരായ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്കായി വൻ തുക ചെലവഴിക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, “ഉയർന്ന നികുതി ചുമത്താൻ ആഗ്രഹിക്കുന്ന തലരീക്കോയുടെ തീവ്ര നിലപാടുകൾ ജനങ്ങളിലേക്ക് എത്തിക്കുമെന്നും കെൻ പാക്സ്റ്റന്റെ വിജയം ഉറപ്പാക്കുമെന്നും” മാഗ ഇൻക് വക്താവ് അലക്സ് ഫൈഫർ പ്രസ്താവനയിലൂടെ അറിയിച്ചു. സൗത്ത് കരോലിന സെനറ്റർ ഡാർലിൻ ഗ്രഹാമിന്റെ പ്രചാരണത്തിനായി നൽകിയ 8.27 ലക്ഷം ഡോളറായിരുന്നു ഇതിനുമുമ്പ് മാഗ ഇൻക് നൽകിയ പ്രധാന തുക.













