
വാഷിംഗ്ടൺ: യുക്രെയ്ൻ സൈന്യം ഉപയോഗിക്കുന്ന സ്പേസ് എക്സിന്റെ ‘സ്റ്റാർഷീൽഡ്’ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ശൃംഖലയ്ക്ക് ഇലോൺ മസ്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ഡ്രോൺ പ്രവർത്തനങ്ങൾക്കും പ്രധാന ലക്ഷ്യങ്ങൾ ആക്രമിക്കുന്നതിനും പ്രതിരോധ സൈറ്റുകൾ സംരക്ഷിക്കുന്നതിനും യുക്രെയ്ൻ പ്രധാനമായും ആശ്രയിക്കുന്ന ഇന്റർനെറ്റ് സേവനമാണ് മസ്കിന്റെ കർശന നിർദ്ദേശത്തെത്തുടർന്ന് പെട്ടെന്ന് മന്ദഗതിയിലായത്.
തുടർച്ചയായി നീളുന്ന റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ തൻ്റെ കമ്പനി ലാഭമുണ്ടാക്കുന്നു എന്ന ചീത്തപ്പേര് ഒഴിവാക്കാനാണ് മസ്ക് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് സൂചന. ഇതേക്കുറിച്ച് വൈറ്റ് ഹൗസിന്റെ നിലപാട് അറിയാൻ മസ്ക് ഔദ്യോഗിക ചർച്ചകൾ നടത്തിയിരുന്നു. യുഎസ് സൈന്യവും പ്രസിഡൻ്റുമാണ് വേഗത നിയന്ത്രണങ്ങൾ തീരുമാനിക്കുന്നതെന്ന് മസ്ക് എക്സിലൂടെ വ്യക്തമാക്കിയെങ്കിലും, പെന്റഗണോ പ്രസിഡൻ്റ് ട്രംപോ ഇത്തരമൊരു നിർദ്ദേശം നൽകിയിട്ടില്ലെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു. ആരാണ് ഈ വേഗത കുറയ്ക്കലിന് പിന്നിലെന്ന് അന്വേഷിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
മിലിട്ടറി ഗ്രേഡ് സാറ്റലൈറ്റ് നെറ്റ്വർക്കായ സ്റ്റാർഷീൽഡിന് സാധാരണയായി മണിക്കൂറിൽ 160 കിലോമീറ്ററിലധികം വേഗതയുള്ള ഡ്രോണുകളുമായി ബന്ധം നിലനിർത്താൻ കഴിയും. എന്നാൽ കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഇന്റർനെറ്റ് വേഗത മണിക്കൂറിൽ 90 കിലോമീറ്ററായി സ്പേസ് എക്സ് ഒറ്റപക്ഷീയമായി കുറച്ചതായി യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം ആരോപിക്കുന്നു. ഇതോടെ റഷ്യൻ ഷഹീദ് ഡ്രോണുകളെ വെടിവെച്ചിടാൻ തങ്ങളുടെ ഇൻ്റർസെപ്റ്റർ ഡ്രോണുകൾക്ക് സാധിക്കുന്നില്ലെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കി പറഞ്ഞു. ഈ കണക്റ്റിവിറ്റി തകരാർ കാരണം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് യുക്രെയ്ൻ സൈന്യത്തിനുണ്ടായിരിക്കുന്നത്.
മസ്കിന്റെ ഈ നീക്കത്തിനെതിരെ യുഎസ് കോൺഗ്രസിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മുൻകൂട്ടി അറിയിക്കാതെയുള്ള ഈ നിയന്ത്രണങ്ങൾ യുദ്ധക്കളത്തിൽ നിരവധി ജീവനുകൾ അപകടത്തിലാക്കിയെന്നും ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും റിപ്പബ്ലിക്കൻ ജനപ്രതിനിധി മൈക്ക് ടേണർ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു.
സ്റ്റാർഷീൽഡ് വിവാദങ്ങൾക്ക് പുറമേ, ട്രംപും സെലൻസ്കിയും തമ്മിലുള്ള ബന്ധം വരുംദിവസങ്ങളിൽ കൂടുതൽ വഷളാകാനാണ് സാധ്യത. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സെലൻസ്കി ശ്രമിക്കുന്നില്ലെന്നാണ് ട്രംപിൻ്റെ ആക്ഷേപം. അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില വർദ്ധിക്കാൻ ഈ യുദ്ധം കാരണമായെന്നും, അതിനാൽ റഷ്യൻ എണ്ണയ്ക്കും ഡീസലിനും മേലുള്ള ഉപരോധങ്ങൾ ട്രംപ് ഭരണകൂടം നീക്കിയിരുന്നു. എന്നാൽ റഷ്യൻ എണ്ണശുദ്ധീകരണ ശാലകൾക്ക് നേരെയുള്ള ആക്രമണം യുക്രെയ്ൻ തുടരുകയാണ്. സെലൻസ്കിയുമായി ഇടപാടുകൾ നടത്തുന്നത് എളുപ്പമല്ലെന്നും, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനേക്കാൾ കഠിനക്കാരനാണ് സെലൻസ്കിയെന്നുമാണ് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ട്രംപ് പ്രതികരിച്ചത്.
Elon Musk clips Ukraine’s wings; restricts Starshield satellite network, jeopardizing drone attacks.















