വ്യോമാക്രമണങ്ങൾ പുനരാരംഭിക്കണമോ, നിർണായക തീരുമാനമെടുക്കാൻ ട്രംപ്; സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും

വാഷിം​ഗ്ടൺ: ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ, പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് ഉന്നത ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ഇറാന്റെ പുതിയ നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനും ഭാവി നടപടികൾ തീരുമാനിക്കുന്നതിനുമാണ് വൈറ്റ് ഹൗസ് ഈ യോഗം വിളിച്ചുചേർത്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ പാകിസ്ഥാനിൽ വെച്ച് നടക്കേണ്ടിയിരുന്ന സമാധാന ചർച്ചകൾക്കായി പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫിനെയും ജാരെഡ് കുഷ്‌നറെയും അയക്കാനുള്ള തീരുമാനം ട്രംപ് പെട്ടെന്ന് റദ്ദാക്കിയിരുന്നു.

ഇറാന്റെ ഭാഗത്തുനിന്ന് തൃപ്തികരമായ നിർദ്ദേശങ്ങൾ ലഭിക്കാത്തതാണ് യാത്ര റദ്ദാക്കാൻ കാരണമായതെന്ന് ട്രംപ് വ്യക്തമാക്കി. ചർച്ചകൾ റദ്ദാക്കിയതിന് പിന്നാലെ പുതുക്കിയ ഒരു രേഖയുമായി ഇറാൻ തിരിച്ചെത്തിയതായി ട്രംപ് അവകാശപ്പെട്ടെങ്കിലും, ഏതൊക്കെ കാര്യങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് ഇറാൻ തയ്യാറാകുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. നിലവിൽ നിർത്തിവെച്ചിരിക്കുന്ന വ്യോമാക്രമണങ്ങൾ പുനരാരംഭിക്കണമോ എന്ന കാര്യത്തിലും യോഗം തീരുമാനമെടുക്കും.

കഴിഞ്ഞ ആഴ്ച ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തലിന്റെ കാലാവധി നീട്ടിയിരുന്നുവെങ്കിലും, സംഘർഷം വീണ്ടും വഷളാക്കുന്നതിൽ അദ്ദേഹം പരസ്യമായി വിമുഖത പ്രകടിപ്പിച്ചിരുന്നു. ഇറാന്റെ നേതൃനിരയിൽ യഥാർത്ഥത്തിൽ ആർക്കാണ് തീരുമാനങ്ങൾ എടുക്കാൻ അധികാരമുള്ളതെന്ന കാര്യത്തിലും അമേരിക്കയ്ക്ക് ആശങ്കയുണ്ട്. കൃത്യമായ ഉറപ്പുകൾ ലഭിക്കാതെ പ്രതിനിധികളെ ചർച്ചയ്ക്കായി ഇസ്ലാമാബാദിലേക്ക് അയക്കുന്നതിൽ താൻ അതൃപ്തനാണെന്ന സൂചനയും ട്രംപ് നൽകിയിട്ടുണ്ട്. അമേരിക്കയുടെ അടുത്ത നീക്കങ്ങളെന്താകുമെന്ന് ലോകം ഉറ്റുനോക്കുകയാണ്.

More Stories from this section

family-dental
witywide