ഇറാൻ്റെ ഭൂഗർഭ ആണവ കേന്ദ്രമായ ‘പിക്ക് ആക്സ് മൗണ്ടൻ’ ഉടൻ ആക്രമിച്ചേക്കുമെന്ന് ട്രംപ്, വീണ്ടും യുദ്ധ കാഹളം

വാഷിംഗ്ടൺ ഡി.സി: ഇറാൻ്റെ അതീവ സുരക്ഷിതമായ ഭൂഗർഭ ആണവ കേന്ദ്രമായ ‘പിക്ക് ആക്സ് മൗണ്ടൻ’ യു.എസ് സേന ഉടൻ തന്നെ ആക്രമിച്ചേക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്.

ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയുകയാണ് അഞ്ചുമാസമായി തുടരുന്ന യു.എസ് സൈനിക നടപടിയുടെ പ്രധാന ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു. “പിക്ക് ആക്സ് മൗണ്ടനിൽ എന്തെങ്കിലും തരത്തിലുള്ള സംശയാസ്പദമായ നീക്കങ്ങൾ കണ്ടാൽ ഞങ്ങൾ അവിടെ ആക്രമണം നടത്തും. അവിടെയുള്ള എല്ലാവരുടെയും നീക്കങ്ങൾ യു.എസ് ഇൻ്റലിജൻസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്,” ട്രംപ് കൂട്ടിച്ചേർത്തു.

ഇറാൻ്റെ നതാൻസ് (Natanz) യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് സമീപമാണ് പിക്ക് ആക്സ് മൗണ്ടൻ സ്ഥിതിചെയ്യുന്നത്. നിർദ്ദിഷ്ട ഭൂഗർഭ കേന്ദ്രത്തിലേക്ക് ഇറാൻ ആയിരക്കണക്കിന് സെൻട്രിഫ്യൂജുകൾ മാറ്റിയതായി ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. സാധാരണ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് ഈ കേന്ദ്രം.

കഴിഞ്ഞ ദിവസങ്ങളിൽ ഇറാൻ സൈന്യത്തിൻ്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാർ സ്റ്റേഷനുകൾ, ആശയവിനിമയ കേന്ദ്രങ്ങൾ എന്നിവയ്ക്ക് നേരെ യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) ശക്തമായ ആക്രമണം നടത്തിയിരുന്നു. ഇറാൻ്റെ റഡാർ സിസ്റ്റങ്ങൾ യു.എസ് സേന രണ്ടുതവണ വിജയകരമായി തകർത്തതായും ട്രംപ് അവകാശപ്പെട്ടു.

അതേസമയം, അമേരിക്കയുടെ ആക്രമണങ്ങൾ രാജ്യത്തിൻ്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് ഇറാൻ രംഗത്തെത്തി. തങ്ങളുടെ ഭൂപ്രദേശത്തിന് നേരെയുണ്ടായ കടന്നുകയറ്റത്തിന് പശ്ചിമേഷ്യയിലെ യു.എസ് സൈനിക ക്യാമ്പുകൾക്ക് നേരെ ശക്തമായ തിരിച്ചടി നൽകിയതായി ഇറാൻ്റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Trump warns of imminent attack on Iran’s underground nuclear site ‘Pick Axe Mountain’, sounds war trumpet again

More Stories from this section

family-dental
witywide