വൻ നീക്കത്തിന് ട്രംപ്, ഇറാനെതിരെ പുതിയ സൈനിക ആക്രമണത്തിന് ഒരുങ്ങി അമേരിക്ക; പെന്റഗണിനോട് പദ്ധതികൾ തയ്യാറാക്കാൻ ആവശ്യപ്പെട്ട് വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: വരാനിരിക്കുന്ന നവംബർ മാസത്തെ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇറാനുമേൽ പുതിയ സൈനികാക്രമണങ്ങൾ നടത്തുന്നതിനുള്ള സാധ്യതകൾ തേടി വൈറ്റ് ഹൗസ്. ആക്രമണ പദ്ധതികൾ രൂപീകരിക്കാൻ പെന്റഗണിന് നിർദ്ദേശം നൽകിയതായി പ്രമുഖ മാധ്യമമായ ‘ദി അറ്റ്‌ലാൻ്റിക്’ റിപ്പോർട്ട് ചെയ്തു. യു.എസ് സെൻട്രൽ കമാൻഡാണ് (സെന്റ്കോം) ഇതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. രാജ്യത്ത് ഇന്ധന വില പിടിച്ചുനിർത്താനും തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണനേട്ടങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ തീവ്രശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ഈ ആക്രമണങ്ങൾ വഴി ഇറാനെ വീണ്ടും ചർച്ച മേശയിലേക്ക് കൊണ്ടുവരാനോ ഹോർമുസ് കടലിടുക്ക് തുറക്കാനോ സാധിക്കുമെന്ന് അനുകൂലികൾ കരുതുന്നില്ലെങ്കിലും, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അമേരിക്കയുടെ സൈനിക മേധാവിത്വവും കരുത്തും പ്രകടിപ്പിക്കാൻ ഇത് സഹായിക്കുമെന്നാണ് അവർ വിലയിരുത്തുന്നത്. എന്നാൽ ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ബ്രെൻഡ് ക്രൂഡ് ഓയിൽ വില 4 ശതമാനത്തിലധികം വർദ്ധിച്ചു.

സംഭവത്തോടു പ്രതികരിച്ച വൈറ്റ് ഹൗസ് വക്താവ്, കമാൻഡർ-ഇൻ-ചീഫ് എന്ന നിലയിൽ പ്രസിഡന്റ് ട്രംപിന് എപ്പോഴുമുള്ള എല്ലാ ഉപാധികളും തുറന്നുകിടക്കുന്നുണ്ടെന്ന് വ്യക്തമാക്കി. ഇറാൻ സമ്പദ്‌വ്യവസ്ഥ പൂർണ്ണമായും തകർന്നടിഞ്ഞ അവസ്ഥയിലാണെന്നും അമേരിക്കയാണ് നിലവിൽ എല്ലാ കാര്യങ്ങളിലും മേൽക്കൈ നേടിയിരിക്കുന്നതെന്നും ഭരണകൂടം ആവർത്തിച്ചു വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പോ അതിനുശേഷമോ ഇറാനെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന സൂചനയാണ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഇതിനകം നൽകിയിട്ടുള്ളത്.

More Stories from this section

family-dental
witywide