
ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കുമെന്ന പരസ്യമായ മുന്നറിയിപ്പുമായി ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ കൂറ്റൻ ബിൽബോർഡുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടു. ടെഹ്റാനിലെ ഏറ്റവും തിരക്കേറിയ എങ്കെലാബ് സ്ക്വയറിലാണ് (ഇസ്ലാമിക് റെവല്യൂഷൻ സ്ക്വയർ) യുഎസ് പ്രസിഡന്റിനെ കടുത്ത രീതിയിൽ ആക്ഷേപിക്കുന്ന തരത്തിലുള്ള ബിൽബോർഡ് ഉയർന്നിരിക്കുന്നത്.
കറുത്ത അഴിക്കുള്ളിൽ തലകുനിച്ചു നിൽക്കുന്ന രീതിയിലാണ് ഡോണൾഡ് ട്രംപിനെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. ബിൽബോർഡിന് താഴെ പേർഷ്യൻ ഭാഷയിലും ഇംഗ്ലീഷിലും “ഞങ്ങൾ ട്രംപിനെ വധിക്കും” (We Will Kill Trump) എന്ന നേരിട്ടുള്ള വധഭീഷണിയും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനു പുറമേ, സമീപത്തുള്ള മറ്റൊരു വലിയ ബിൽബോർഡിൽ ഡോണൾഡ് ട്രംപ്, യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുടെ മുഖത്ത് ചോരയൊലിക്കുന്ന രീതിയിലുള്ള ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിൽ യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന കടുത്ത യുദ്ധസമാനമായ സംഘർഷങ്ങളുടെ തുടർച്ചയായാണ് ഈ പുതിയ പ്രകോപനം വിലയിരുത്തപ്പെടുന്നത്. അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് ഇറാൻ ഭരണകൂടത്തിന്റെ ഈ പരസ്യമായ ഭീഷണി. തങ്ങളുടെ രാഷ്ട്രീയ എതിരാളികൾക്കെതിരെ കർശനമായ സന്ദേശങ്ങൾ നൽകാൻ ഇറാൻ ഇത്തരം ഔദ്യോഗിക പ്രചാരണ ബിൽബോർഡുകൾ സ്ഥിരമായി ഉപയോഗിക്കാറുണ്ട്.
Trump with head bowed behind bars; massive billboard in Iran carries threat: “We will kill you.”














