
വാഷിംഗ്ടൺ: ഭൂമിയിൽ നിന്ന് 400 കിലോമീറ്ററിലധികം ഉയരത്തിൽ, ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) നിന്നും യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി നാസ യാത്രികർ. ഇന്ത്യൻ വംശജനായ അനിൽ മേനോൻ ഉൾപ്പെടെ മൂന്ന് യുഎസ് ബഹിരാകാശ യാത്രികരാണ് ചൊവ്വാഴ്ച ബഹിരാകാശത്ത് നിന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.
ബഹിരാകാശ നിലയത്തിൽ ഇരുന്ന് വോട്ട് രേഖപ്പെടുത്തുന്നതിന്റെ 29 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ അനിൽ മേനോൻ തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചു. “അതെ, നിങ്ങൾക്ക് ബഹിരാകാശത്ത് നിന്ന് പോലും വോട്ട് ചെയ്യാം!” എന്ന് അദ്ദേഹം കുറിച്ചു. ബഹിരാകാശ നിലയത്തിലെ തന്റെ ഉറക്കമുറിയാണ് അനിൽ മേനോൻ പോളിംഗ് ബൂത്താക്കി മാറ്റിയത്. റൂമിലെ കമ്പ്യൂട്ടർ വഴി ഇലക്ട്രോണിക് ഫോം പൂരിപ്പിച്ച്, നാസയുടെ ജോൺസൺ സ്പേസ് സെന്ററും മിഷൻ കൺട്രോളും സ്ഥിതി ചെയ്യുന്ന ടെക്സാസിലെ ഹാരിസ് കൗണ്ടിയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സുരക്ഷിതമായി അയക്കുകയായിരുന്നുവെന്ന് അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. അനിൽ മേനോന് പുറമെ നാസ യാത്രികരായ ലൂക്ക് ഡെലാനി, ജെസീക്ക വാട്കിൻസ് എന്നിവരും ഇതേ രീതിയിൽ വോട്ട് രേഖപ്പെടുത്തി.
Yes, you can even vote from space! All three US crew members had the privilege of voting from space station. We filled out an electronic ballot and sent it securely to the election officials. https://t.co/hJCExQ2nKr
— Anil Menon (@astro_anil) November 3, 2026
നാസയുടെ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്റർ നിയന്ത്രിക്കുന്ന ‘നിയർ സ്പേസ് നെറ്റ്‌വർക്ക്’ വഴിയാണ് വോട്ടുകൾ സുരക്ഷിതമായി കൈമാറുന്നത്. വോട്ടിന്റെ രഹസ്യാത്മകത ഉറപ്പാക്കാൻ പൂർണ്ണമായും എൻക്രിപ്റ്റ് ചെയ്ത ഡിജിറ്റൽ ബാലറ്റുകളാണ് ഉപയോഗിക്കുന്നത്. ബഹിരാകാശ യാത്രികനും ബന്ധപ്പെട്ട ഇലക്ഷൻ ക്ലർക്കിനും മാത്രമാണ് ഇതിലേക്ക് പ്രവേശനമുള്ളത്.
ബഹിരാകാശത്ത് നിന്നുള്ള വോട്ടിംഗ് അമേരിക്കയിൽ പുതിയതല്ല. 1997-ൽ ടെക്സാസ് സർക്കാർ പാസാക്കിയ നിയമത്തെ തുടർന്നാണ് ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം യുഎസ് പൗരന്മാർക്ക് ലഭിച്ചത്. റഷ്യയുടെ മിർ ബഹിരാകാശ നിലയത്തിൽ നിന്ന് വോട്ട് ചെയ്ത ഡേവിഡ് വുൾഫ് ആണ് ഈ സൗകര്യം ആദ്യമായി ഉപയോഗപ്പെടുത്തിയത്.
അമേരിക്കയിലെ ജനപ്രതിനിധി സഭയിലെ 435 അംഗങ്ങളെയും, 37 സെനറ്റ് അംഗങ്ങളെയും, 36 സംസ്ഥാന ഗവർണർമാരെയും തെരഞ്ഞെടുക്കുന്നതിനായുള്ള വിപുലമായ ഇടക്കാല തെരഞ്ഞെടുപ്പാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് സുതാര്യത ഉറപ്പാക്കാൻ യുഎസ് നീതിന്യായ വകുപ്പ് ചരിത്രത്തിലാദ്യമായി രാജ്യത്തുടനീളം ആയിരത്തോളം തെരഞ്ഞെടുപ്പ് നിരീക്ഷകരെ വിന്യസിച്ചിട്ടുണ്ട്.
NASA astronaut Anil Menon cast his vote from space, 400 kilometers away from Earth.












