14 ബില്യൺ ഡോളറിന്റെ തായ്‌വാൻ ആയുധ ഇടപാട്; ഷിയുമായുള്ള കൂടിക്കാഴ്ചയിൽ ട്രംപിന് നിർണായക ‘ചർച്ചാ ആയുധം’

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി തായ്‌വാന് 14 ബില്യൺ ഡോളറിന്റെ ആയുധങ്ങൾ വിൽക്കാനുള്ള യുഎസ് നീക്കം ചർച്ചയാകുന്നു. ആയുധ ഇടപാട് നീട്ടിവയ്ക്കണമെന്ന് ചൈന ആവശ്യപ്പെടുമ്പോൾ, കരാർ അംഗീകരിക്കണമെന്ന ആവശ്യവുമായി തായ്‌വാനും രംഗത്തുണ്ട്.

മിസൈലുകൾ, ഡ്രോൺ വിരുദ്ധ ആയുധങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് നിർദിഷ്ട ആയുധ പാക്കേജ്. ഇടപാടിന് അനുമതി നൽകുന്നത് ട്രംപ് നേരത്തെ വൈകിപ്പിച്ചിരുന്നു. ചൈനയുമായുള്ള ചർച്ചകളിൽ ഇത് ഒരു “നല്ല ചർച്ചാ ആയുധം” ആകുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

തായ്‌വാൻ തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമാണെന്നാണ് ചൈനയുടെ നിലപാട്. അതിനാൽ തായ്‌വാന് യുഎസ് ആയുധങ്ങൾ വിൽക്കുന്നതിനെ ബെയ്ജിങ് ശക്തമായി എതിർക്കുന്നു. വാഷിങ്ടണിൽ നടക്കുന്ന ട്രംപ്-ഷി കൂടിക്കാഴ്ചയിൽ വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങൾക്കൊപ്പം തായ്‌വാൻ വിഷയവും പ്രധാന ചർച്ചയാകുമെന്നാണ് പ്രതീക്ഷ. ബെയ്ജിങ്ങിൽ നിന്നുള്ള സൈനിക സമ്മർദം നേരിടാൻ തായ്‌വാൻ പ്രധാനമായും യുഎസ് സൈനിക പിന്തുണയെയാണ് ആശ്രയിക്കുന്നത്.

തായ്‌വാൻ വിഷയത്തിലെ നീക്കങ്ങൾ യുഎസ്-ചൈന ബന്ധത്തെ കാര്യമായി ബാധിക്കുമെന്ന് ഷി നേരത്തെ ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നു. വാഷിങ്ടണും ബെയ്ജിങ്ങും തമ്മിലുള്ള ബന്ധം വഷളാക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഷയമാണ് തായ്‌വാനെന്ന് ഫുഡാൻ സർവകലാശാലയിലെ സെന്റർ ഫോർ തായ്‌വാൻ സ്റ്റഡീസ് ഡയറക്ടർ സിൻ ക്വിയാങ് ‘ന്യൂയോർക്ക് ടൈംസിനോട്’ പറഞ്ഞു. ആയുധ ഇടപാട് അംഗീകരിച്ചാൽ ചൈനയുടെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടാകാനും സാധ്യതയുണ്ട്. ചൈനീസ് അപൂർവ ധാതുക്കളുടെ കയറ്റുമതിയിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള നടപടികൾ ബെയ്ജിങ് സ്വീകരിച്ചേക്കാമെന്നാണ് റിപ്പോർട്ട്.

ഡിസംബറിൽ മയാമിയിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയിൽ നിന്ന് ഷി വിട്ടുനിൽക്കാനുള്ള സാധ്യതയും ചർച്ചയാകുന്നുണ്ട്. അതേസമയം, തായ്‌വാൻ പ്രസിഡന്റ് ലൈ ചിങ്-തെ പ്രതിരോധ ചെലവ് വർധിപ്പിക്കാനും യുഎസിൽ നിന്ന് കൂടുതൽ ആയുധങ്ങൾ വാങ്ങാനും ശ്രമം ശക്തമാക്കിയിട്ടുണ്ട്. തായ്‌വാന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ ആയുധ ഇടപാട് നിർണായകമാണെന്നാണ് തായ്‌വാന്റെ നിലപാട്.

തായ്‌വാന്റെ വാർഷിക ഹാൻ ക്വാങ് സൈനിക അഭ്യാസത്തിനിടെ യുഎസ് സൈനിക ഉപദേഷ്ടാക്കളുടെ സാന്നിധ്യം കൂടുതൽ പ്രകടമായിരുന്നുവെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രി വെല്ലിങ്ടൺ കൂ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ ആദ്യ ഭരണകാലത്ത് തായ്‌വാന് ഏകദേശം 18 ബില്യൺ ഡോളറിന്റെ ആയുധ വിൽപ്പനയ്ക്ക് യുഎസ് അനുമതി നൽകിയിരുന്നു. എന്നാൽ രണ്ടാം ടേമിൽ ചൈനയുമായുള്ള പ്രായോഗിക ബന്ധത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന സമീപനമാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. വ്യാപാരം, അപൂർവ ധാതുക്കൾ, കൃത്രിമ ബുദ്ധി, ഇറാനിലെ യുദ്ധം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം തായ്‌വാൻ ആയുധ ഇടപാടും ട്രംപ്-ഷി കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് റിപ്പോർട്ടുകൾ.

Trump’s $14 billion ‘bargaining chip’: Taiwan arms sale looms over Xi summit

More Stories from this section

family-dental
witywide