
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് മുകളിൽ വച്ച് അമേരിക്കയുടെ രണ്ട് എംക്യു-9 ഡ്രോണുകൾ വെടിവച്ചിട്ടതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. പുതിയ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് ഈ ഡ്രോണുകൾ തകർത്തതെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ്സ് വ്യക്തമാക്കി. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം ഇറാൻ സൈന്യം വെടിവച്ചിടുന്ന 58-ാമത്തെ എംക്യു-9 ഡ്രോണാണിതെന്നാണ് സൈന്യത്തിന്റെ അവകാശവാദം. എന്നാൽ ഈ സംഭവത്തോട് അമേരിക്ക ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇറാനിലെ സൈനിക നടപടികൾക്കിടെ അമേരിക്കയ്ക്ക് 45 എംക്യു-9 ഡ്രോണുകൾ നഷ്ടമായതായി ‘ദ് വാഷിങ്ടൻ പോസ്റ്റ്’ നേരത്തെ ഓഗസ്റ്റിൽ റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്കൻ പ്രതിരോധ കമ്പനിയായ ജനറൽ അറ്റോമിക്സ് എയറോനോട്ടിക്കൽ സിസ്റ്റംസ് നിർമിക്കുന്ന ഈ ഡ്രോണുകൾ ‘പ്രെഡേറ്റർ’ എന്ന പേരിലും അറിയപ്പെടുന്നു. മൂന്ന് കോടി ഡോളറിനും (ഏകദേശം 278 കോടി രൂപ) അഞ്ച് കോടി ഡോളറിനും ഇടയിലാണ് ഒരു എംക്യു-9 ഡ്രോണിന്റെ വില കണക്കാക്കുന്നത്.
നിരീക്ഷണം, രഹസ്യവിവര ശേഖരണം, കൃത്യതയോടെയുള്ള വ്യോമാക്രമണം എന്നിവയ്ക്കാണ് അമേരിക്ക ഈ ഡ്രോൺ പ്രധാനമായും ഉപയോഗിക്കുന്നത്. ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനിൽ നിന്ന് സാറ്റലൈറ്റ് വഴി നിയന്ത്രിക്കാൻ കഴിയുന്ന ഇതിന് 1,700 കിലോഗ്രാം വരെ ഭാരമുള്ള ആയുധങ്ങൾ വഹിക്കാൻ ശേഷിയുണ്ട്. ഒറ്റത്തവണ ഇന്ധനം നിറച്ചാൽ 27 മണിക്കൂറിലധികം തുടർച്ചയായി പറക്കാനും, മണിക്കൂറിൽ 480 കിലോമീറ്റർ വേഗത്തിൽ പരമാവധി 50,000 അടി ഉയരത്തിൽ വരെ സഞ്ചരിക്കാനും ഈ ഡ്രോണിന് സാധിക്കും.
Iran Shoots Down Two US MQ-9 Drones Over Strait of Hormuz, Inflicting Heavy Losses













