ലോക്കർ കോഡിനായി 81-കാരന് ക്രൂര പീഡനം; ശരീരത്തിൽ തിളച്ച സിറപ്പൊഴിച്ചു, യുവതിയടക്കം രണ്ടുപേർ പിടിയിൽ

എൽക്ടൺ (മേരിലാൻഡ്): ഡെലവെയർ സ്വദേശിയായ എൺപത്തിയൊന്നുകാരനെ തന്ത്രപൂർവ്വം വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്ത സംഭവത്തിൽ യുവതിയടക്കം രണ്ടുപേരെ മേരിലാൻഡ് പൊലീസ് അറസ്റ്റ് ചെയ്തു. ടെയ്‌ലർ ഫാൽക്കോൺ (31), മൈക്കൽ മാനിസ്കാൽക്കോ (28) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ബുധനാഴ്ച രാവിലെ എൽക്ടണിലെ ഒരു വീടിന്റെ മുൻമുറ്റത്ത് വസ്ത്രങ്ങളില്ലാതെ പരിക്കുകളോടെ കിടന്ന വയോധികനെ സെസിൽ കൗണ്ടി ഷെരീഫ് ഓഫീസിലെ ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ക്രൂരതയുടെ വിവരങ്ങൾ പുറത്തുവന്നത്.

പ്രതിയായ ടെയ്‌ലർ ഫാൽക്കോണുമായി കൂടിക്കാഴ്ച നടത്താനാണ് വയോധികൻ മേരിലാൻഡിലെ വീട്ടിലെത്തിയത്. എന്നാൽ ഇയാൾ അകത്തുകയറിയ ഉടൻ കൂട്ടുപ്രതിയായ മാനിസ്കാൽക്കോ അക്രമാസക്തനാകുകയും വയോധികനെ കസേരയിൽ കെട്ടിയിടുകയുമായിരുന്നു. തുടർന്ന് ക്രൂരമായി മർദ്ദിക്കുകയും കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. വയോധികന്റെ വസ്ത്രങ്ങൾ നിർബന്ധിപ്പിച്ചു അഴിപ്പിച്ച ശേഷം ശരീരത്തിലേക്ക് തിളച്ച സിറപ്പ് ഒഴിച്ച് പൊള്ളിച്ചതായും പൊലീസ് പറഞ്ഞു.

വയോധികന്റെ ഡെലവെയറിലുള്ള വീട്ടിലെ രഹസ്യ ലോക്കറിന്റെ കോമ്പിനേഷൻ കോഡ് ചോർത്തിയെടുക്കാനായിരുന്നു ഈ പീഡനം. ഭയന്നുപോയ വയോധികൻ കോഡ് വെളിപ്പെടുത്തിയതോടെ, പ്രതി അത് ഒരു മാർക്കർ പേന ഉപയോഗിച്ച് ഇദ്ദേഹത്തിന്റെ നെറ്റിയിലും നെഞ്ചിലും എഴുതിവെച്ചു. ആക്രമണം നടക്കുന്നതിനിടെ യുവതി വീട്ടിൽ നിന്ന് പോയിരുന്നു.

വയോധികന്റെ പക്കൽ നിന്നും സ്വർണ്ണമാല, വിലകൂടിയ വാച്ച്, ബ്രേസ്‌ലെറ്റ്, 80 ഡോളർ എന്നിവയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഷെവർലെ കോർവെറ്റ്, ജിഎംസി സിയറ, കാഡിലാക് എസ്കലേഡ് എന്നീ ആഡംബര വാഹനങ്ങളുടെ താക്കോലുകളും പ്രതികൾ കവർന്നു. ആക്രമണത്തിനൊടുവിൽ മാനിസ്കാൽക്കോ ഉറങ്ങിപ്പോയ സമയം നോക്കി വയോധികൻ സ്വയം കെട്ടഴിച്ച് രക്ഷപ്പെടുകയായിരുന്നു.

പൊലീസുമായി ഉണ്ടായ ചെറിയൊരു തർക്കത്തിനൊടുവിലാണ് മാനിസ്കാൽക്കോയെ കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് മോഷ്ടിക്കപ്പെട്ട സാധനങ്ങളും വാഹനങ്ങളുടെ താക്കോലുകളും കണ്ടെടുത്തു. വയോധികനെ കെണിയിൽ വീഴ്ത്താനും കൊള്ളയടിക്കാനും പ്രതികൾ രണ്ടുപേരും ചേർന്ന് ഗൂഢാലോചന നടത്തിയതായി പൊലീസ് സ്ഥിരീകരിച്ചു.

പ്രതികൾക്കെതിരെ കവർച്ച, ആസൂത്രിത മർദ്ദനം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്ത് ജാമ്യമില്ലാതെ റിമാൻഡ് ചെയ്തു. പരിക്കേറ്റ വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.

81-year-old man subjected to brutal torture to extract locker code; boiling syrup poured on his body—two, including a woman, arrested.

More Stories from this section

family-dental
witywide