കോർണൽ ഫ്രറ്റേണിറ്റി കൂട്ടബലാത്സംഗ വിവാദം: സർവകലാശാലാ ഭരണകൂടത്തിനെതിരെ അവിശ്വാസ പ്രമേയം പാസാക്കി ഫാക്കൽറ്റി സെനറ്റ്

ന്യൂയോർക്ക്: അമേരിക്കയിലെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ കോർണൽ യൂണിവേഴ്സിറ്റിയിൽ മുൻ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ സർവകലാശാലാ ഭരണകൂടത്തിന് കടുത്ത തിരിച്ചടി. ക്യാമ്പസിലെ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിലും പരാതി കൈകാര്യം ചെയ്യുന്നതിലും അധികൃതർ പരാജയപ്പെട്ടെന്ന് ആരോപിച്ച് യൂണിവേഴ്സിറ്റിയുടെ ഫാക്കൽറ്റി സെനറ്റ് വെള്ളിയാഴ്ച അവിശ്വാസ പ്രമേയം പാസാക്കി.

“ക്യാമ്പസിലെ നിലവിലുള്ള ലൈംഗികാതിക്രമ പ്രതിസന്ധി ഫലപ്രദമായി പരിഹരിക്കാൻ കേന്ദ്ര ഭരണകൂടത്തിന് കഴിയില്ലെന്ന് ഫാക്കൽറ്റി സെനറ്റ് വിലയിരുത്തുന്നു,” എന്ന് പ്രമേയത്തിൽ വ്യക്തമാക്കുന്നു. കടുത്ത ഭിന്നതകൾക്കൊടുവിൽ 50-നെതിരെ 75 വോട്ടുകൾക്കാണ് പ്രമേയം പാസാക്കിയത്. 5 പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

യൂണിവേഴ്സിറ്റിയിലെ ‘ചി ഫൈ’ ഫ്രറ്റേണിറ്റി (വിദ്യാർത്ഥി കൂട്ടായ്മ) ഹൗസിൽ വെച്ച് 2024-ൽ ഒരു കൂട്ടം വിദ്യാർത്ഥികൾ ചേർന്ന് തനിക്ക് മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് ‘ജെയിൻ ഡോ’ എന്ന പേരിൽ അറിയപ്പെടുന്ന മുൻ വിദ്യാർത്ഥിനിയുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഇവർ പ്രതികൾക്കും സർവകലാശാലയ്ക്കുമെതിരെ സിവിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

ഭരണപരമായ മാറ്റങ്ങൾ വരുത്താൻ ഫാക്കൽറ്റി സെനറ്റിന് നിയമപരമായ അധികാരം ഇല്ലെങ്കിലും, ഈ വോട്ട് സർവകലാശാലയ്ക്ക് ഒരു പുനർവിചിന്തനത്തിനുള്ള അവസരമാണെന്ന് പ്രമേയത്തിന്റെ സഹ-സ്പോൺസർമാർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ക്യാമ്പസിലെ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനും അതിജീവിച്ചവർക്ക് നീതി ഉറപ്പാക്കുന്നതിനും കേവലം പി.ആർ. സ്റ്റണ്ടുകൾക്ക് അപ്പുറം തെളിവുകളുടെ അടിസ്ഥാനത്തിലുള്ള കർശന നടപടികളാണ് ഭരണകൂടം സ്വീകരിക്കേണ്ടതെന്നും ഫാക്കൽറ്റി അംഗങ്ങൾ ആവശ്യപ്പെട്ടു.

അതേസമയം, ഫാക്കൽറ്റി സെനറ്റിന്റെ വോട്ട് ക്യാമ്പസിലെ കടുത്ത ജനരോഷത്തിന്റെ പ്രതിഫലനമാണെന്ന് കോർണൽ ബോർഡ് ഓഫ് ട്രസ്റ്റി ചെയർപേഴ്സൺ ആനി സ്മാളിംഗ് പ്രതികരിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രസിഡന്റ് മൈക്കൽ കോട്ട്‌ലിക്കോഫ് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബോർഡിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു. ലഭ്യമായ എല്ലാ വിവരങ്ങളും പരിശോധിച്ച ശേഷമാണ് സെനറ്റ് ഈ തീരുമാനത്തിൽ എത്തിയതെന്ന് വിശ്വസിക്കുന്നതായി അതിജീവിച്ച ജെയിൻ ഡോയും വ്യക്തമാക്കി.

നിലവിൽ ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസിന്റെ നേതൃത്വത്തിൽ സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണം നടക്കുകയാണ്. ഇതിന് പുറമെ സർവകലാശാലയും ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കേസിൽ പ്രതി ചേർക്കപ്പെട്ട ഏഴ് ഫ്രറ്റേണിറ്റി അംഗങ്ങളും തങ്ങൾക്കെതിരെയുള്ള കുറ്റാരോപണങ്ങൾ നിഷേധിച്ചു.

അതിനിടെ, കേസ് അന്വേഷിക്കുന്ന അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ അഞ്ച് പേർ കോടതിയെ സമീപിച്ചു. ജെയിൻ ഡോയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ലെറ്റിഷ്യ ജെയിംസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് കേസിൽ പക്ഷപാതമുണ്ടാക്കുമെന്നാണ് പ്രതികളുടെ വാദം. കേസിന്റെ മേൽനോട്ടത്തിനായി മുൻ ഫെഡറൽ പ്രോസിക്യൂട്ടർ ജാക്വലിൻ കെല്ലിയെ നിയമിച്ചതായി അറ്റോർണി ജനറലിന്റെ ഓഫീസ് അറിയിച്ചെങ്കിലും, അന്തിമ അധികാരം ഇപ്പോഴും അറ്റോർണി ജനറലിന് തന്നെയാണെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ നിയമപോരാട്ടവുമായി മുന്നോട്ട് പോവുകയാണ്.

Cornell Fraternity Gang-Rape Controversy: Faculty Senate Passes No-Confidence Motion Against University Administration

More Stories from this section

family-dental
witywide